ഓണം ബാക്കിവച്ച ലഹരി…

 ഓണം ബാക്കിവച്ച ലഹരി…

വാരചിന്ത/പ്രവീൺ

പൂക്കളുടെ സൗരഭ്യം മനസ്സിലും വീട്ടുമുറ്റത്തും ഫ്ലാറ്റിലും ക്ലാസ് മുറികളിലും ഓഫീസുകളുടെ ലോബിയിലും വാണിജ്യ സമുച്ചയങ്ങളിലും റോഡ് വക്കിലും വിതറി വർണ്ണക്കളമൊരുക്കി ആടിയും പാടിയും ആർത്തുല്ലസിച്ച സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒരു കാലമാണ് കടന്നുപോയത്…
ജീവിതയാത്രയിൽ അന്യദേശങ്ങളിൽ പഠനവും ജീവിതവും പറിച്ചു നടേണ്ടി വന്നവർക്കു സ്വന്തം നാടിൻറെ തനിമയിലേക്കും നന്മയിലേക്കും യാത്രതിരിച്ച ഒരേയൊരു ഓണക്കാലം.
ഓരോ മലയാളിയും കീശയും പിശുക്കും മറന്നു ചിലവ് ചെയ്യുന്ന ഏറ്റവും വലിയ വിപണിയാഘോഷക്കാലം.
അതുകൊണ്ടു കൂടിയാണ് ഗൾഫ് ഉൾപ്പെടെ മലയാളി ജീവിക്കുന്ന ലോകത്തിൻറെ ഓരോ ഇടങ്ങളിലും ഓണാഘോഷം മാസങ്ങളോളം തുടർന്നുകൊണ്ടേയിരിക്കുന്നത്…
എന്നാലും ആശങ്കയേറുന്നത് വർഷംതോറും വർദ്ധനവ് ഉണ്ടാകുന്ന മദ്യവില്പന തന്നെയാണ്.
ഔദ്യോഗിക വിവരം ലഭ്യമല്ലാത്ത മറ്റ് അനധികൃത ലഹരി വില്പനയുടെ കണക്ക് ഒഴിവാക്കി പരിശോധിക്കുമ്പോൾ തന്നെ മനസ്സിലാക്കാനാകുന്നു, ആൺപെൺ ഭേദമില്ലാതെ മാറിവരുന്ന ഒരു അനാവശ്യ സംസ്കാരത്തിൻറെ ഭീതിതമായ ചിത്രം.അത് ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് നമ്മുടെ യുവതലമുറയെയും.
അതുപോലെ… ലഹരിക്കൊടുവിൽ, ചെറിയ വാക്കേറ്റങ്ങളിൽ തുടങ്ങി വലിയ ആക്രമങ്ങളിലേക്കും കൊലപാതകത്തിലേക്കും നയിക്കുന്ന സംഭവങ്ങൾ നിത്യേനയുള്ള വാർത്തകളായി മാറിക്കഴിഞ്ഞു. ഇരകളാകുന്നവരിൽ അപരിചിതർ മുതൽ ആത്മാർത്ഥ സുഹൃത്തുക്കൾ, സ്വന്തം വീടുകളിൽ പ്രായാധിക്യരോഗങ്ങളുമായി കഴിയുന്ന നിസ്സഹായരായ മാതാപിതാക്കൾ വരെ ഉൾപ്പെടുന്നു എന്ന സത്യം ഏറ്റവും സങ്കടകരം തന്നെ. സ്വന്തം വീടുകളിൽ പോലും മനസമാധാനത്തോടെ കിടന്നുറങ്ങാൻ കഴിയാത്ത അരക്ഷിതാവസ്ഥ തന്നെയാണ്,ഈ വലിയ ലഹരിക്കച്ചവടത്തിന്റെ പരിണിതഫലം.
എല്ലാം നിയമവിധേയമാണ് എന്നറിയുമ്പോൾ ഉണ്ടാകുന്ന, നിസ്സഹായരായ ഒരു ജനവിഭാഗത്തിന്റെ വേദനയും ആശങ്കയും അകറ്റി തക്കതായ ഫലവത്തായ ബോധവൽക്കരണ മാർഗ്ഗങ്ങൾ കണ്ടെത്താനും നടപ്പിലാക്കാനും കാലോചിതമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.
എന്തായിരുന്നാലും ഇത്തവണത്തെ ഓണം ജനപങ്കാളിത്തം കൊണ്ടും ആഘോഷ വൈവിധ്യങ്ങൾ കൊണ്ടും വളരെ മനോഹരമായിരുന്നു. ഔദ്യോഗിക അനൗദ്യോഗിക ആഘോഷചടങ്ങുകൾ മുതൽ
സമാപനം വരെ എല്ലാം ഏറ്റവും കുറ്റമറ്റ രീതിയിൽ ഗംഭീരമാക്കാനും ഭരണസംവിധാനങ്ങൾക്ക് കഴിഞ്ഞു എന്നത് അഭിമാനം തന്നെ…
ഓണക്കോടിയും ഓണസദ്യയും സിനിമയും ആവേശംതീർത്തു, ഓണക്കളികളും ഓണത്തല്ലും ഓണ മത്സരങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി, വള്ളംകളിയും പുലികളിയും ആർപ്പുവിളിച്ച് അലങ്കാര ദീപങ്ങൾ വർണ്ണങ്ങൾ വിതറിയ തിരക്കേറിയ വീഥികളിലൂടെ സമാപന കാഴ്ചകളും ആസ്വദിച്ച് മനസ്സു നിറയുമ്പോൾ,ഒരേ മനസ്സോടെ ഓരോ മലയാളിയും ലോകത്തിന് നൽകുന്ന ഒരു സന്ദേശമുണ്ട്, ജാതിമതഭേദങ്ങൾക്കതീതമായി സാമ്പത്തിക ഏറ്റക്കുറച്ചിലുകൾക്കപ്പുറത്ത്, സ്നേഹമാണ് ലഹരി-ഒരുമയാണ് ശക്തി- ചേർത്തുപിടിക്കലാണ് സന്തോഷം-എന്ന മഹത്തായ സന്ദേശം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News