ആവേശക്കടലായി അനന്തപുരി; പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ ജനസാഗരം
തിരുവനന്തപുരം:
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കവെ, എൻഡിഎയുടെ കരുത്ത് വിളംബരം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ റോഡ് ഷോ. ശനിയാഴ്ച വൈകുന്നേരം തിരുവല്ലയിലെ പൊതുപരിപാടിക്ക് ശേഷം തലസ്ഥാന നഗരത്തിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്. കരമന മുതൽ കിള്ളിപ്പാലം വരെ നീണ്ട ഒന്നര കിലോമീറ്റർ പാതയിൽ ജനസാഗരം ഇരമ്പിയതോടെ നഗരം അക്ഷരാർത്ഥത്തിൽ കാവിക്കടലായി മാറി.
തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോയ റോഡ് ഷോയിൽ എൻഡിഎ സ്ഥാനാർത്ഥികളായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ആർ. ശ്രീലേഖ, കരമന ജയൻ എന്നിവരും പ്രധാനമന്ത്രിയെ അനുഗമിച്ചു. റോഡിന്റെ ഇരുവശങ്ങളിലും മണിക്കൂറുകളോളം കാത്തുനിന്ന പ്രവർത്തകരെയും പൊതുജനങ്ങളെയും കൈവീശി അഭിവാദ്യം ചെയ്തുകൊണ്ട് തുറന്ന വാഹനത്തിൽ അതീവ സന്തുഷ്ടനായാണ് മോദി നീങ്ങിയത്. പുഷ്പവൃഷ്ടി നടത്തിയും മുദ്രാവാക്യം വിളിച്ചും ജനങ്ങൾ അദ്ദേഹത്തെ വരവേറ്റു. സുരക്ഷാ കാരണങ്ങളാൽ തിരുവനന്തപുരത്ത് പൊതുയോഗം ഒഴിവാക്കി റോഡ് ഷോ മാത്രമാണ് നിശ്ചയിച്ചിരുന്നത്.
നേരത്തെ തിരുവല്ലയിൽ നടന്ന പൊതുയോഗത്തിൽ സംസ്ഥാനത്തെ ഇടത്-വലത് മുന്നണികളെ പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. കേരളത്തിൽ വിഭവങ്ങൾ സമൃദ്ധമാണെങ്കിലും വികസന മുരടിപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ കോൺഗ്രസ് നടത്തുന്ന പ്രസ്താവനകൾ ഗൾഫിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ സുരക്ഷയെ അപകടത്തിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ ഇടത് പക്ഷത്തിനും കോൺഗ്രസിനും ഒരേപോലെ പങ്കുണ്ടെന്നും മോദി ആരോപിച്ചു. റോഡ് ഷോയ്ക്ക് ശേഷം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി.
