ഇറാഖിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ വ്യാപക ആക്രമണം: 19 ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട്
ബാഗ്ദാദ്:
ഇറാഖിലെയും മേഖലയിലെയും യുണൈറ്റഡ് സ്റ്റേറ്റ്സ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പായ ‘ഇസ്‌ലാമിക് റെസിസ്റ്റൻസ്’ വ്യാപക ആക്രമണം നടത്തി. വെള്ളിയാഴ്ച മാത്രം 19 ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയതായി സംഘടന അവകാശപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യത്തിനിടയിലാണ് ഈ നീക്കം.
അതേസമയം, പടിഞ്ഞാറൻ ഇറാഖിലെ അൽ-ഖൈമിലുള്ള ഇറാൻ അനുകൂല പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സിന്റെ (PMF) ആസ്ഥാനത്തിന് നേരെയും ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. മൊസൂളിലെ പി.എം.എഫ് ആസ്ഥാനത്തിന് നേരെ വ്യോമാക്രമണം നടന്നതായും സൂചനയുണ്ട്. മേഖലയിലെ പ്രോക്സി യുദ്ധങ്ങളുടെ ഭാഗമായി ശിയാ സൈനിക വിഭാഗങ്ങളും പി.എം.എഫും സജീവമാണെന്നാണ് വിലയിരുത്തൽ.
ആക്രമണ സാധ്യത മുന്നിൽക്കണ്ട് ബാഗ്ദാദിലെ യുഎസ് എംബസി നേരത്തെ തന്നെ സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. ബാഗ്ദാദിലെയും കുർദിസ്ഥാൻ മേഖലയിലെയും അമേരിക്കൻ പൗരന്മാർ, ബിസിനസ് സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ, ഡിപ്ലോമാറ്റിക് കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് ആക്രമണങ്ങൾക്കും തട്ടിക്കൊണ്ടുപോകലുകൾക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇറാഖിലുള്ള അമേരിക്കൻ പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാനും എംബസി നിർദ്ദേശിച്ചു.
