കേരളത്തിൽ എൻഡിഎ സർക്കാർ വന്നാൽ രണ്ട് വർഷത്തിനുള്ളിൽ എയിംസ്: അമിത് ഷാ

 കേരളത്തിൽ എൻഡിഎ സർക്കാർ വന്നാൽ രണ്ട് വർഷത്തിനുള്ളിൽ എയിംസ്: അമിത് ഷാ

തിരുവനന്തപുരം:

കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ രണ്ട് വർഷത്തിനുള്ളിൽ എയിംസ് (AIIMS) യാഥാർഥ്യമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരുവനന്തപുരം കാട്ടാക്കടയിൽ നടന്ന ബിജെപി പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷിതവും ആധുനികവുമായ കേരളം നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കെട്ടിപ്പടുക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

കേന്ദ്ര പദ്ധതികളുടെ പേര് മാറ്റുന്ന നടപടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. “പ്രധാനമന്ത്രി ആവാസ് യോജനയുടെ പേര് മാറ്റി ലൈഫ് മിഷനാക്കി. കേന്ദ്രം നൽകിയ റോഡുകളിൽ സ്വന്തം ഫ്ലക്സ് വെച്ച് പിണറായി വിജയൻ പ്രചാരണം നടത്തുകയാണ്. എന്നാൽ ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലായിക്കഴിഞ്ഞു,” അദ്ദേഹം പരിഹസിച്ചു. വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് വ്യവസായ മേഖല കൊണ്ടുവരുമെന്നും തിരുവനന്തപുരത്തെ ഐടി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഹബ്ബാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷേത്രങ്ങളിലെ സ്വർണം മോഷ്ടിക്കുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നും എൻഡിഎ അധികാരത്തിലെത്തിയാൽ രണ്ട് മാസത്തിനുള്ളിൽ സ്വർണക്കള്ളന്മാരെ ജയിലിലടയ്ക്കുമെന്നും ഷാ പറഞ്ഞു. മുനമ്പം വിഷയത്തിൽ എൽഡിഎഫും യുഡിഎഫും മൗനം പാലിക്കുകയാണെന്നും വഖഫ് ഭേദഗതി ബില്ലിനെ ഇരുമുന്നണികളും എതിർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വയനാട്ടിൽ നിന്ന് വിജയിച്ചുപോയ സഹോദരനും സഹോദരിയും (രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും) കേരളത്തിന് വേണ്ടി എന്ത് ചെയ്തുവെന്നും അദ്ദേഹം പ്രസംഗത്തിൽ ചോദിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News