ക്ഷയരോഗ ചികിത്സയിൽ വിപ്ലവകരമായ മാറ്റം: മരുന്നുകൾ ഇനി നേരിട്ട് ശ്വാസകോശത്തിലേക്ക് എത്തിക്കാം

 ക്ഷയരോഗ ചികിത്സയിൽ വിപ്ലവകരമായ മാറ്റം: മരുന്നുകൾ ഇനി നേരിട്ട് ശ്വാസകോശത്തിലേക്ക് എത്തിക്കാം

ജോഹന്നാസ്ബെർഗ്: ക്ഷയരോഗ (TB) ചികിത്സ കൂടുതൽ ലളിതവും ഫലപ്രദവുമാക്കാൻ പുതിയ ഇൻഹേലർ സാങ്കേതികവിദ്യയുമായി ഗവേഷകർ. ദക്ഷിണാഫ്രിക്കയിലെ വിറ്റ്‌സ് അഡ്വാൻസ്ഡ് ഡ്രഗ് ഡെലിവറി പ്ലാറ്റ്‌ഫോമിലെ (WADDP) ഗവേഷകരാണ് ക്ഷയരോഗത്തിനുള്ള നാല് പ്രധാന മരുന്നുകൾ നേരിട്ട് ശ്വാസകോശത്തിലേക്ക് എത്തിക്കാൻ കഴിയുന്ന നാനോ സംവിധാനം വികസിപ്പിച്ചത്.

നിലവിൽ മാസങ്ങളോളം നീണ്ടുനിൽക്കുന്ന ഗുളികകൾ കഴിക്കുന്നത് രോഗികളിൽ കരൾ സംബന്ധമായ പ്രശ്നങ്ങളും മറ്റ് പാർശ്വഫലങ്ങളും ഉണ്ടാക്കാറുണ്ട്. എന്നാൽ പുതിയ രീതിയിൽ മരുന്നുകൾ രക്തത്തിലോ കരളിലോ എത്തുന്നതിന് മുൻപ് നേരിട്ട് ശ്വാസകോശത്തിലെ അണുബാധയുള്ള ഭാഗത്തേക്ക് എത്തുന്നതിനാൽ പാർശ്വഫലങ്ങൾ ഗണ്യമായി കുറയ്ക്കാൻ സാധിക്കും. റിഫാംപിസിൻ, ഐസോണിയാസിഡ്, എത്താംബൂട്ടോൾ, പൈറാസിനാമൈഡ് എന്നീ നാല് മരുന്നുകളും ഒരൊറ്റ മിശ്രിതമായി ശ്വസനത്തിലൂടെ നൽകാം എന്നതാണ് ഇതിന്റെ പ്രത്യേകത.

ശ്വാസകോശത്തിലെ രഹസ്യ സങ്കേതങ്ങളിൽ ഒളിച്ചിരിക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ ഈ നാനോ കാരിയറുകൾക്ക് സാധിക്കുമെന്ന് ഗവേഷകനായ ലിൻഡോകൂഹ്‌ലെ എൻഗെമ പറഞ്ഞു. ചികിത്സാ കാലാവധി കുറയ്ക്കാനും മരുന്നുകളോടുള്ള രോഗികളുടെ വിമുഖത ഒഴിവാക്കാനും ഈ കണ്ടുപിടുത്തം സഹായിക്കും. ലോകാരോഗ്യ സംഘടനയുടെ 2030-ഓടെയുള്ള ‘ക്ഷയരോഗ നിർമ്മാർജ്ജന’ ലക്ഷ്യത്തിലേക്ക് ഈ പുതിയ സാങ്കേതികവിദ്യ വലിയ സംഭാവന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News