ഗംഗാ നദിയിൽ ഇഫ്താർ വിരുന്ന്: വാരണാസിയിൽ 14 യുവാക്കൾ അറസ്റ്റിൽ
ACP Kotwali Vijay Pratap Singh
ലഖ്നൗ:
വാരണാസിയിൽ ഗംഗാ നദിയിലെ ബോട്ടുകളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുകയും മാംസാഹാരം കഴിച്ച് അവശിഷ്ടങ്ങൾ നദിയിലേക്ക് എറിയുകയും ചെയ്ത സംഭവത്തിൽ 14 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ചയാണ് വാരണാസി പൊലീസ് നടപടിയെടുത്തത്. പിടിയിലായവരെല്ലാം 20 വയസ്സിന് താഴെയുള്ള പ്രാദേശിക സാരി കടകളിലെ ജീവനക്കാരാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാദമായ ഇഫ്താർ വിരുന്ന് നടന്നത്. സോഷ്യൽ മീഡിയ റീലുകൾക്കായി ഇതിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു. ഭാരതീയ ജനതാ യുവമോർച്ച ജില്ലാ പ്രസിഡന്റ് രജത് ജയ്സ്വാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വാരണാസി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ വിജയ് പ്രതാപ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്തത്. ആരാധനാലയങ്ങളെ അപമാനിക്കൽ (BNS 298), മതവികാരം വ്രണപ്പെടുത്തൽ (299), വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ (196) തുടങ്ങിയ ഗൗരവകരമായ വകുപ്പുകൾക്ക് പുറമെ ജല മലിനീകരണ നിരോധന നിയമപ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
സനാതന ധർമ്മ വിശ്വാസികൾ അതീവ പവിത്രമായി കാണുന്ന ഗംഗാ നദിയിൽ വെച്ച് മാംസാഹാരം കഴിച്ചതും അവശിഷ്ടങ്ങൾ നദിയിൽ നിക്ഷേപിച്ചതും ഭക്തരുടെ വികാരങ്ങളെ മുറിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. യുവാക്കളുടെ ഉദ്ദേശ്യത്തെക്കുറിച്ച് വിശദമായ ചോദ്യം ചെയ്യൽ നടന്നു വരികയാണെന്നും നിയമപരമായ തുടർനടപടികൾ സ്വീകരിക്കുമെന്നും എസിപി വ്യക്തമാക്കി.
