നവജാതശിശുവിൻ്റെ മരണം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്മ ഷംന
തിരുവനന്തപുരം: കാട്ടാക്കട പുഴനാട് സ്വദേശിനിയായ ഷംന, തൻ്റെ നവജാതശിശുവിനെ കൊലപ്പെടുത്തിയതാണെന്ന് പോലീസിനോട് സമ്മതിച്ചു. കുഞ്ഞിനെ താൻ തന്നെയാണ് കൊന്നതെന്ന ഞെട്ടിക്കുന്ന മൊഴിയാണ് ഷംന നൽകിയത്. ബ്ലേഡ് കൊണ്ട് കഴുത്തിൽ കീറുകയും കത്രിക കൊണ്ട് കുത്തുകയും ചെയ്തതായും യുവതി മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കുഞ്ഞിൻ്റെ മരണം ശ്വാസംമുട്ടിയാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയിൽ സംശയം തോന്നിയ അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്. പ്രസവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നും, വയറുവേദനയെ തുടർന്ന് ഭർത്താവ് അൽത്താഫ് ഓട്ടോറിക്ഷ വിളിക്കാൻ പോയ സമയത്താണ് ഷംന കുഞ്ഞിന് ജന്മം നൽകിയതെന്നും പോലീസ് പറഞ്ഞു.
തിരികെ എത്തിയ അൽത്താഫ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ട ഷംനയെയും കുഞ്ഞിനെയും ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ കുഞ്ഞ് അപ്പോഴേക്കും മരിച്ചിരുന്നു. പരിശോധനയിൽ കുഞ്ഞിൻ്റെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയത് ദുരൂഹത വർദ്ധിപ്പിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവന്നത്. അതേസമയം, ഭാര്യ ഗർഭിണിയാണെന്ന വിവരം താൻ അറിഞ്ഞിരുന്നില്ലെന്നാണ് ഭർത്താവ് അൽത്താഫ് പോലീസിന് നൽകിയ മൊഴി.
