മിഡിൽ ഈസ്റ്റിൽ യുദ്ധം കടുക്കുന്നു: ഇറാൻ്റെ ഉന്നത നേതാക്കളെ ഇസ്രായേൽ വധിച്ചു; മേഖലയിൽ വ്യാപക ആക്രമണം
ടെൽ അവീവ്/ടെഹ്‌റാൻ:
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം വിനാശകരമായ ഒരു പൂർണ്ണ യുദ്ധത്തിലേക്ക് വഴിമാറുന്നു. ഇറാൻ്റെ സുരക്ഷാ തലവൻ അലി ലാറിജാനി, റെവല്യൂഷണറി ഗാർഡ് കമാൻഡർ ഗുലാം റെസ സുലൈമാനി എന്നിവരെ ഇസ്രായേൽ കൃത്യമായ ആക്രമണത്തിലൂടെ വധിച്ചതാണ് ഇപ്പോഴത്തെ വൻ പ്രത്യാഘാതങ്ങൾക്ക് കാരണമായത്. ഇറാന്റെ അധികാരഘടനയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വ്യക്തികളുടെ മരണം ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിന് തിരിച്ചടിയായി ഇറാൻ ഇസ്രായേൽ നഗരങ്ങളിലേക്കും ഗൾഫ് മേഖലയിലെ നിർണ്ണായക കേന്ദ്രങ്ങളിലേക്കും വ്യാപകമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കും യുദ്ധം വ്യാപിച്ചു കഴിഞ്ഞു. ബെയ്‌റൂട്ടിലെ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണം വടക്കൻ ഇസ്രായേലിനെ നിശ്ചലമാക്കിയിരിക്കുകയാണ്.
യുദ്ധം മറ്റു അറബ് രാജ്യങ്ങളെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. കുവൈറ്റ് അതിർത്തിയിൽ ഏഴ് ഡ്രോണുകൾ വെടിവെച്ചിട്ടു. ഖത്തറിന് നേരെ വന്ന മിസൈൽ പ്രതിരോധ സേന തകർത്തു. ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതും സൗദി അറേബ്യ മിസൈൽ പ്രതിരോധിച്ചതും സ്ഥിതിഗതികൾ അതീവ ഗുരുതരമാക്കുന്നു. ഇറാനിലെ ബുഷർ ആണവനിലയത്തിന് സമീപം സ്ഫോടനം നടന്നതായും റിപ്പോർട്ടുകളുണ്ട്. ലക്ഷക്കണക്കിന് ആളുകൾ പാലായനം ചെയ്യുന്നതോടെ മിഡിൽ ഈസ്റ്റ് വലിയൊരു മാനുഷിക പ്രതിസന്ധിയെയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്.
