രാഹുൽ ഗാന്ധിയുടേത് അധികപ്രസംഗം; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

 രാഹുൽ ഗാന്ധിയുടേത് അധികപ്രസംഗം; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:

ഛത്തീസ്‌ഗഡിലെ കന്യാസ്ത്രീകൾക്കെതിരെയുള്ള അക്രമവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്യാൻ ബിജെപി സർക്കാരിന് ആയുധം നൽകിയത് കോൺഗ്രസിന്റെ സംഭാവനകളാണെന്ന് രാഹുൽ മറന്നുപോയോ എന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. രാഹുൽ ഗാന്ധിയുടെ ആക്ഷേപം അധികപ്രസംഗമാണെന്നും അദ്ദേഹം പരിഹസിച്ചു.

2022-23 കാലഘട്ടത്തിൽ ഛത്തീസ്‌ഗഡിൽ ക്രൈസ്തവർക്കെതിരെ നടന്ന അക്രമങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. സംഘപരിവാർ പ്രേരണയാൽ ആയിരക്കണക്കിന് ഗോത്രവിഭാഗ ക്രൈസ്തവർ ആട്ടിയോടിക്കപ്പെട്ടപ്പോൾ അവിടെ കോൺഗ്രസ് ഭരണമായിരുന്നില്ലേ എന്നും, അന്ന് രാഹുൽ ഗാന്ധി അവധിയിലായിരുന്നോ എന്നും പിണറായി വിജയൻ ചോദിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന മതസ്വാതന്ത്ര്യ നിയമം ഛത്തീസ്‌ഗഡിൽ നിലനിർത്തിയത് കോൺഗ്രസ് സർക്കാരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഛത്തീസ്‌ഗഡ് രൂപീകരണ സമയത്ത് അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ മധ്യപ്രദേശിലെ നിയമം അതേപടി നിലനിർത്തുകയായിരുന്നു. വർഷങ്ങളോളം ഭരണത്തിലിരുന്നിട്ടും ഈ നിയമം റദ്ദാക്കാൻ കോൺഗ്രസ് തയ്യാറായില്ല. നിലവിൽ കോൺഗ്രസ് ഭരണത്തിലുള്ള ഹിമാചൽ പ്രദേശിൽ ഈ നിയമം റദ്ദാക്കാൻ രാഹുൽ ഗാന്ധി തയ്യാറുണ്ടോ എന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു. ബിജെപിയെ നേരിടാൻ ത്രാണിയില്ലാത്ത കോൺഗ്രസ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News