വിജയ് ചിത്രം ‘ജനനായകൻ’ ഇന്റർനെറ്റിൽ ചോർന്നു; നടുക്കത്തിൽ സിനിമാ ലോകം
ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ‘ജനനായകൻ’ റിലീസിന് മുൻപേ ഇന്റർനെറ്റിൽ പ്രചരിക്കുന്നു. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ മുഴുവൻ പതിപ്പും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ടെലിഗ്രാം ഗ്രൂപ്പുകളിലും എത്തിയതായാണ് റിപ്പോർട്ടുകൾ. സിനിമയുടെ ഇൻട്രോ രംഗങ്ങളും ക്ലൈമാക്സും അടക്കം പ്രധാന ഭാഗങ്ങൾ പല കഷ്ണങ്ങളായി മുറിച്ചാണ് പ്രചരിക്കുന്നത്.
സെൻസർ ബോർഡുമായുള്ള നിയമതർക്കങ്ങളെത്തുടർന്ന് റിലീസ് വൈകിക്കൊണ്ടിരിക്കുന്നതിനിടെയാണ് സിനിമാ പ്രവർത്തകരെയും ആരാധകരെയും ഒരുപോലെ നിരാശരാക്കുന്ന ഈ സംഭവം ഉണ്ടായിരിക്കുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ രാഷ്ട്രീയ ആക്ഷൻ ത്രില്ലർ, തെലുങ്ക് ചിത്രം ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണെന്ന് സൂചനകളുണ്ട്. എഡിറ്റിംഗ് ടേബിളിൽ നിന്നോ സെൻസർ സ്ക്രീനിംഗിനിടയിലോ ആകാം ദൃശ്യങ്ങൾ ചോർന്നതെന്നാണ് പ്രാഥമിക നിഗമനം.
ചിത്രം ഡൗൺലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിനിമയുടെ പകർപ്പുകൾ ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടികൾ സൈബർ സെല്ലിന്റെ സഹായത്തോടെ പുരോഗമിക്കുകയാണ്. രാഷ്ട്രീയ പ്രവേശത്തിന് മുൻപുള്ള വിജയ്യുടെ അവസാന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ആരാധകർ ഈ സംഭവത്തിൽ വലിയ പ്രതിഷേധത്തിലാണ്.
