സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി ആരോപണം: സർക്കാരിനെതിരെ രമേശ് ചെന്നിത്തല
ആലപ്പുഴ:
സംസ്ഥാന സഹകരണ വകുപ്പിൽ 700 കോടി രൂപയുടെ വൻ സാമ്പത്തിക വെട്ടിപ്പിന് നീക്കം നടക്കുന്നു എന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകൾ അദ്ദേഹം നടത്തിയത്.
കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്കായി ഏകീകൃത സോഫ്റ്റ്‌വെയർ നടപ്പിലാക്കുന്ന പദ്ധതിയിലാണ് അഴിമതി നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നേരത്തെ പ്രമുഖ ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസിന് (TCS) 206 കോടി രൂപയ്ക്ക് നൽകാൻ നിശ്ചയിച്ചിരുന്ന കരാർ അട്ടിമറിച്ചതായാണ് പരാതി. പകരം പാർട്ടി താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് നാലിരട്ടി തുകയ്ക്ക് ദിനേശ് ബീഡി സഹകരണ സംഘത്തിന് കരാർ കൈമാറാൻ നീക്കം നടക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. പൊതുപണം കൊള്ളയടിക്കാനുള്ള ഈ നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
