ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനെ നരകതുല്യമാക്കും: 48 മണിക്കൂർ അന്ത്യശാസനവുമായി ട്രംപ്
വാഷിംഗ്ടൺ:
ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നില്ലെങ്കിൽ ഇറാനെതിരെ അതിശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടുത്ത 48 മണിക്കൂറിനുള്ളിൽ കടലിടുക്ക് തുറന്ന് തങ്ങളുമായി കരാറിലെത്താൻ ഇറാൻ തയ്യാറായില്ലെങ്കിൽ രാജ്യം “നരകതുല്യമായി” മാറുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച വൈകുന്നേരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് അദ്ദേഹം ഈ അന്ത്യശാസനം നൽകിയത്.
ഫെബ്രുവരി 28-ന് ആരംഭിച്ച ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന സൈനിക നീക്കത്തിന്റെ ഭാഗമായി ഇറാനിലെ പ്രധാന ഊർജ്ജ നിലയങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇതിനോടകം തന്നെ ഇറാന്റെ ബുഷെഹർ ആണവനിലയത്തിന് സമീപവും പ്രധാന പെട്രോകെമിക്കൽ ഹബ്ബുകളിലും യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. ഇറാനിലെ 90 ശതമാനം എണ്ണ കയറ്റുമതിയും കൈകാര്യം ചെയ്യുന്ന ഖാർഗ് ഐലൻഡ് പിടിച്ചെടുക്കുന്ന കാര്യവും പരിഗണനയിലാണെന്ന് ട്രംപ് സൂചിപ്പിച്ചു.
അതേസമയം, സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച (ഏപ്രിൽ 3) ഇറാന് മുകളിൽ പറന്ന അമേരിക്കൻ വ്യോമസേനയുടെ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ (F-15E Strike Eagle), എ-10 തണ്ടർബോൾട്ട് II (A-10 Thunderbolt II) എന്നീ വിമാനങ്ങൾ തകർത്തതായാണ് ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. എഫ്-15ഇ വിമാനത്തിലെ ഒരു പൈലറ്റ് ഇറാന്റെ പിടിയിലായെന്നും സൂചനയുണ്ട്. ഒരു വിമാനം തകർന്നതായും പൈലറ്റിനായുള്ള തിരച്ചിൽ തുടരുകയാണെന്നും അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചതോടെ ലോകമെമ്പാടും ഊർജ്ജ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
