ഗര്‍ജിച്ച് ഗണ്ണേഴ്‌സ് , ന്യൂകാസിലിനെ കീഴടക്കിയത് രണ്ടു ഗോളിന്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. ന്യൂകാസില്‍ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളിനു കീഴടക്കി ആഴ്‌സണല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള മാഞ്ചസ്‌റ്റര്‍ സിറ്റിക്ക് ഒരു പോയിന്റ് അകലെ.
മറ്റൊരു മത്സരത്തില്‍ വെസ്‌റ്റ്ഹാം യുണൈറ്റഡിനോട് ഒറ്റഗോളിനു തോറ്റ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ ചാമ്ബ്യന്‍സ് ലീഗ് മോഹങ്ങള്‍ തുലാസില്‍.
എതിരാളികളുടെ തട്ടകമായ സെന്റ് ജെയിംസ് പാര്‍ക്കില്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് 14-ാം മിനിറ്റില്‍ ആഴ്‌സണലിനെ മുന്നില്‍ക്കടത്തി. ഫാബിയന്‍ ഷാറിന്റെ സെല്‍ഫ്‌ഗോളും ടീമിന്റെ അക്കൗണ്ടിലെത്തി. മത്സരത്തുടക്കത്തില്‍ ആധിപത്യം ന്യൂകാസിലിനായിരുന്നു. പന്തുരുണ്ട് രണ്ടാം മിനിറ്റില്‍ വില്ലോക്കും മര്‍ഫിയും ചേര്‍ന്നു നടത്തിയ നീക്കത്തിന് പോസ്‌റ്റ് വില്ലനായത് ആഴ്‌സണലിനു രക്ഷയായി. പിന്നാലെ ഇസാക്കിനു ലഭിച്ച അവസരം കോര്‍ണറില്‍ അവസാനിച്ചു. തുടര്‍സമ്മര്‍ദത്തിനൊടുവില്‍ ഏഴാം മിനിറ്റില്‍ ആഴ്‌സണല്‍ ബോക്‌സിലേക്കെത്തിയ പന്ത് കിവിയോര്‍ യാക്കോബിന്റെ കൈയില്‍ തട്ടിയതിനു റഫറി പെനാല്‍റ്റിയിലേക്കു വിരല്‍ചൂണ്ടി. എന്നാല്‍ വാര്‍ പരിശോധനയില്‍ വിധി എതിരായി.
കളിയുടെ ഗതിക്കു വിപരീതമായി 14-ാം മിനിറ്റില്‍ ആഴ്‌സണല്‍ ലീഡെടുത്തു. ജോര്‍ജീഞ്ഞോയുടെ പാസില്‍ ക്യാപ്‌റ്റന്‍ മാര്‍ട്ടിന്‍ ഒഡേഗാര്‍ഡ് 20 വാര അകലെനിന്നു തൊടുത്ത ഷോട്ട് ഗോള്‍കീപ്പര്‍ നിക് പോപ്പിന്റെ മുഴുനീള ഡൈവും മറികടന്ന് വലയില്‍.
രണ്ടാം പകുതിയിലും ന്യൂകാസില്‍ തകര്‍പ്പന്‍ നീക്കങ്ങള്‍ നെയ്‌തെങ്കിലും ഗണ്ണേഴ്‌സ് പ്രതിരോധവും ഗോള്‍കീപ്പര്‍ ആരണ്‍ റാംസ്‌ഡേലും രക്ഷകരായി. 72-ാം മിനിറ്റിലായിരുന്നു ആഴ്‌സണലിന്റെ ജയമുറപ്പിച്ച രണ്ടാം ഗോള്‍. പ്രത്യാക്രമണത്തിനൊടുവില്‍ ഒഡേഗാര്‍ഡില്‍നിന്നു പന്തു സ്വീകരിച്ച മാര്‍ട്ടിനെല്ലി നടത്തിയ ഒറ്റയാന്‍ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ബോക്‌സിനുള്ളിലേക്കു പന്തുമായെത്തിയ മാര്‍ട്ടിനെല്ലി അതിര്‍ത്തിവരയ്‌ക്കരികില്‍നിന്നു തൊടുത്ത ഇടംകാല്‍ ഷോട്ട് തടയാന്‍ ഷാര്‍ ശ്രമിച്ചു. പന്ത് ക്ലിയര്‍ ചെയ്യുന്നതിനുപകരം തൊട്ടടുത്തുണ്ടായിരുന്ന ഗോള്‍കീപ്പര്‍ പോപ്പിനെ കബളിപ്പിച്ച് വലയ്‌ക്കുള്ളിലായി. രണ്ടു ഗോള്‍ ആധിപത്യത്തില്‍ 35 കളിയില്‍ ആഴ്‌സണലിന് 81 പോയിന്റായി. ഒരുമത്സരം കുറവു കളിച്ച് 82 പോയിന്റുള്ള മാഞ്ചസ്‌റ്റര്‍ സിറ്റിയാണ് ഒന്നാമത്.