മുഖ്യമന്ത്രിയുടെധൂർത്തിനെതിരെ കമ്മ്യൂണിസ്റ്റുകാരുടെ നാവ് പൊങ്ങാത്തതെന്ത്? കെ സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ ഹെലികോപ്റ്റർ വാങ്ങാനുള്ള തീരുമാനത്തെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഒരാൾക്കും വേണ്ടാത്ത മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്രയും സുരക്ഷയെന്ന് കെ സുധാകരൻ ചോദിച്ചു. സംസ്ഥാനം മൊത്തം വിറ്റാലും തീർക്കാനാകാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം.
അപ്പോൾ 80 ലക്ഷം രൂപ മുടക്കി മുഖ്യമന്ത്രി എന്തിന് ഹെലികോപ്റ്റർ യാത്ര ചെയ്തു? ഇത്തരം ധൂർത്തിനെതിരെ ഒരു കമ്മ്യൂണിസ്റ്റുകാരുടെയും നാവു പൊങ്ങാത്തതെന്താണെന്നും സുധാകരൻ ചോദിച്ചു. ഇങ്ങനെ ഖജനാവ് കൊള്ളയടിക്കുന്ന ഒരു മുഖ്യമന്ത്രി നാടിനു വേണമോ എന്ന് ചിന്തിക്കേണ്ട സമയമായി.
മുഖ്യമന്ത്രിക്ക് തലയ്ക്ക് വട്ടുണ്ടോ, ഇത്തരം ധൂർത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രീതിയാണോ? ഇതിനെതിരെ ഒരു കമ്മ്യൂണിസ്റ്റുകാരുടെയും നാവു പൊങ്ങാത്തതെന്താണെന്നും കെ സുധാകരൻ വിമർശിച്ചു.
പാവപ്പെട്ട കര്‍ഷകര്‍ അധ്വാനിച്ചുണ്ടാക്കിയ നെല്ലിന്‍റെ വില നൽകാത്ത പിണറായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാങ്ങുന്ന തിരക്കിലാണെന്ന് കെ സുധാകരന്‍ എംപി. നെല്‍കര്‍ഷകരും റബര്‍ കര്‍ഷകരും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇത്തവണ വറുതിയുടെ ഓണമാണ് പിണറായി സമ്മാനിച്ചതെന്നും കോൺഗ്രസ് നേതാവ് വിമർശിച്ചു.
സംഭരിച്ച നെല്ലിന്‍റെ വില ബാങ്ക് അക്കൗണ്ടില്‍ നല്‍കുമെന്ന് പറഞ്ഞ് കര്‍ഷകരെ അടിമുടി പറ്റിച്ചു. പതിനായിര കണക്കിന് നെല്‍കര്‍ഷകര്‍ക്ക് ഇനിയും നെല്ലുവില കിട്ടാനുണ്ടെന്നും കെ സുധാകരൻ ആരോപിച്ചു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ചര്‍ച്ച നടത്തി നെല്ലിന്‍റെ വില നല്‍കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. സിവില്‍ സപ്ലൈസ് കോര്‍പറേഷനിലൂടെ എട്ടുമാസം മുന്‍പ് സംഭരിച്ച നെല്ലിന്‍റെ വിലക്കായി കര്‍ഷകര്‍ മുട്ടാത്ത വാതിലുകളില്ലെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.