തമിഴ്‌നാട്-ആന്ധ്രാ തീരത്ത് ചുഴലിക്കാറ്റിന് സാധ്യത

ചെന്നൈ:
ഡിസംബർ ഒന്നിനും നാലിനും ഇടയിൽ തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കൂടാതെ ചെന്നൈയിലും തമിഴ്‌നാട്ടിലെ മറ്റ് അഞ്ച് ജില്ലകളിലും വെള്ളിയാഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചെങ്കൽപട്ട്, തിരുവള്ളൂർ, നാഗപട്ടണം, രാമനാഥപുരം, കാഞ്ചീപുരം എന്നിവയാണ് ഈ ജില്ലകൾ. കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിൽ മുന്നയിപ്പ് നൽകിയിട്ടുണ്ട്.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്കൻ ആൻഡമാൻ കടലിലും രൂപംകൊണ്ട ചക്രവാതച്ചുഴിപടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്നതായി ഐഎംഡി പുതിയ ബുള്ളറ്റിനിലൂടെ വ്യക്തമാക്കി. ഡിസംബർ മൂന്നോടെ ഇത് ന്യൂനമർദമായി മാറാനും കൂടുതൽ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. പിന്നീട് ഇത് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഡിസംബർ നാലിന് പുലർച്ചെ ചുഴലിക്കാറ്റായി തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തീരങ്ങളിൽ എത്തുമെന്നാണ് പ്രവചനം.


