അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ ആവശ്യത്തിന് തിരിച്ചടി. കേരളത്തിന്റെ ഹര്‍ജി ഭരണഘടനാ ബെഞ്ചിലേക്ക്

ന്യൂഡൽഹി:
കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേന്ദ്രമാനദണ്ഡങ്ങളെ ചോദ്യംചെയ്തുള്ള കേരളത്തിന്റെ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടുള്ള സുപ്രീംകോടതി ഉത്തരവിൽ കേരളത്തിനെതിരെ പരാമർശങ്ങൾ. 10,722 കോടിരൂപ കടമെടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താൻ സംസ്ഥാനത്തിനായില്ലെന്നാണ് സുപ്രീംകോടതി ഉത്തരവിൽ പറയുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, കെ വിവിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പതിനായിരം കോടി കൂടി അധികമായി കടമെടുക്കാൻ അനുവദിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. നേരത്തെ ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കേന്ദ്രത്തോടും കേരളത്തോടും കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടതോടെയാണ് കോടതി വാദം കേട്ടത്. അതേസമയം കടമെടുപ്പ് പരിധി ഉയർത്തില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് കേന്ദ്ര സർക്കാർ. കേരളം അധികമായി ചോദിച്ച തുക നൽകാനാവില്ലെന്ന് കേന്ദ്രം അറിയിച്ചതായി ചീഫ് സെക്രട്ടറി വി വേണു വ്യക്തമാക്കിയിരുന്നു.