യു എ ഇ പൊതുമാപ്പ് നീട്ടി
അബുദാബി:
യു എ ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് രണ്ടു മാസത്തേക്കുകൂടി നീട്ടി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട്സ് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സമയപരിധി 2024 ഡിസംബർ 31ന് അവസാനിക്കും. സർക്കാർ ആദ്യം പ്രഖ്യാപിച്ച രണ്ടു മാസത്തെ പൊതുമാപ്പ് കാലാവധി ഒക്ടോബർ 31ന് അവസാനിച്ചതോടെയാണ് വീണ്ടും നീട്ടി നൽകിയത്. നിയമ വിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന ആളുകൾക്ക് പിഴയോ യാത്രാനിരോധനമോ ഇല്ലാതെ രാജ്യം വിടുന്നതിനോ താമസം നിയമപരമാക്കുന്നതിനോ അവസരം നൽകുന്നതാണ് പൊതുമാപ്പ്. ആയിരക്കണക്കിനു പേർ ഈ സൗകര്യം പ്രയോജനപ്പെടുത്തി സ്വദേശത്തേയ്ക്ക് മടങ്ങി. നിരവധിപേർ താമസം നിയമപരമാക്കി.