ആറ് ഇന്ത്യൻ കമ്പനികൾക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തി

 ആറ് ഇന്ത്യൻ കമ്പനികൾക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തി

ഇറാനിയൻ പെട്രോളിയം, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിൽ ഏർപ്പെട്ടുവെന്നാരോപിച്ച് ആറ് ഇന്ത്യൻ കമ്പനികൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി.20 ആഗോള സ്ഥാപനങ്ങൾക്കെതിരായ വ്യാപകമായ നടപടിയുടെ ഭാഗമായിട്ടാണ് ഇന്ത്യൻ കമ്പനികൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്.ഇറാനുമേലുള്ള സമ്മർദ്ദം ശക്തമാക്കാനുള്ള അമേരിക്കയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഉപരോധം. ഇറാനിയൻ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വാങ്ങലും വിപണനവും ഉൾപ്പെടുന്ന സുപ്രധാന ഇടപാടുകൾ ഇന്ത്യൻ കമ്പനികൾ അറിഞ്ഞുകൊണ്ട് നടത്തിയെന്ന് ആരോപിച്ചാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉപരോധം പ്രഖ്യാപിച്ചത്.

മെഥനോൾ, പോളിയെത്തിലീൻ, ടോലുയിൻ, മറ്റ് പെട്രോകെമിക്കൽ ഡെറിവേറ്റീവുകൾ എന്നിവയിൽ ദശലക്ഷക്കണക്കിന് ഡോളറിന്റെ ഇടപാടുകളാണ് ഇന്ത്യൻ കമ്പനികൾ നടത്തുന്നത്.വിദേശത്ത് ഭീകരതയെ പിന്തുണയ്ക്കുന്നതിനും സ്വന്തം ജനങ്ങളെ അടിച്ചമർത്തുന്നതിനും ഇറാൻ ഭരണകൂടം ഉപയോഗിക്കുന്ന വരുമാനത്തിന്റെ ഒഴുക്ക് തടയാൻ അമേരിക്ക നടപടിയെടുക്കുകായാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

കാഞ്ചൻ പോളിമേഴ്‌സ്, ആൽക്കെമിക്കൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, രാംനിക്ലാൽ എസ്. ഗോസാലിയ ആൻഡ് കമ്പനി, ജൂപ്പിറ്റർ ഡൈ കെം പ്രൈവറ്റ് ലിമിറ്റഡ്, ഗ്ലോബൽ ഇൻഡസ്ട്രിയൽ കെമിക്കൽസ് ലിമിറ്റഡ്, പെർസിസ്റ്റന്റ് പെട്രോകെം പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ഉപരോധമേർപ്പെടുത്തിയ ഇന്ത്യൻ കമ്പനികൾ. ഇറാനിയൻ എണ്ണ വിൽപ്പനയ്ക്ക് സൗകര്യമൊരുക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ബ്രോക്കർമാർ, ഷിപ്പിംഗ് കമ്പനികൾ, ഇടനിലക്കാർ എന്നിവരും ഉപരോധത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News