തിരുവനന്തപുരം മെഡിക്കൽ കോളേജിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റം

 തിരുവനന്തപുരം മെഡിക്കൽ കോളേജിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റം

തിരുവനന്തപുരം മെഡിക്കൽ കോളേജിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കുന്ന ഒട്ടെറെ പദ്ധതികൾ ഇന്നു മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. അതോടൊപ്പം വിവിധ പദ്ധതികളുടെ ശിലാ സ്ഥാപനവും നിർവഹിച്ചു.

കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി 21.35 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ എം എൽ റ്റി ബ്ലോക്ക് പ്രവർത്തനസജ്ജമായി. ഒപ്പം 81.50 കോടി രൂപ ചെലവിൽ നിർമ്മാണം ആരംഭിക്കുന്ന പുതിയ ഓപ്പറേഷൻ തിയേറ്ററിൻ്റെ നിർമ്മാണോദ്ഘാടനവും നടന്നു. 7 നിലകളിലായി 14 ഓപ്പറേഷൻ തീയേറ്ററുകളും, 145 കിടക്കകളും, 16 ഐ സി യുകളും ഉൾപ്പെട്ട ഒരു ബൃഹദ് പദ്ധതിക്കാണ് ഇന്ന് തുടക്കമായത്.

നിലവിലുള്ള മൂന്ന് കാത്ത്‌ലാബുകൾക്കു പുറമെ, 8.5 കോടി രൂപ ചെലവിൽ പുതിയൊരു കാത്ത്‌ലാബ് കൂടി ഇന്ന് ആരംഭിക്കുകയാണ്. 7.67 കോടി രൂപാ ചെലവിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ സ്ഥാപിച്ച സ്‌പെക്ട് സി ടി സ്‌കാൻ, 4.5 കോടി രൂപ ചെലവിൽ സ്ഥാപിച്ച 128 സ്ലൈസ് സി ടി യൂണിറ്റ്, നവജാത ശിശുവിഭാഗത്തിൽ ‘ജീവാമൃതം’ എന്ന പേരിൽ സ്ഥാപിച്ച ബ്രസ്റ്റ്മിൽക്ക് ബാങ്ക് എന്നിവയ്ക്കു പുറമെ, സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന സ്‌കിൻ ബാങ്കും ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു.

ലോകോത്തര നിലവാരത്തിൽ കൂടുതൽ കിടക്കകളും അത്യാധുനിക സൗകര്യങ്ങളോടും കൂടി സജ്ജീകരിച്ച പീഡിയാട്രിക്ക് നെഫ്രോ വാർഡും ഇന്ന് ഉദ്ഘാടനം ചെയ്തു. ഡി എം പീഡിയാട്രിക്ക് നെഫ്രോളജി കോഴ്‌സ് ആരംഭിക്കുന്നതിന് സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ വാർഡ് സജ്ജീകരിച്ചിട്ടുള്ളത്. കേരളത്തിൽ ആദ്യമായാണ് ഡി എം പീഡിയാട്രിക്ക് നെഫ്രോളജി കോഴ്‌സ് ആരംഭിക്കുന്നത്.

കഴിഞ്ഞ 9 വർഷക്കാലത്തിനുള്ളിൽ തിരുവന്തപുരം മെഡിക്കൽ കോളേജിൻ്റെ വികസനത്തിനായി 2,070 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. ഇന്ന് ഉദ്ഘാടനം ചെയ്തതും ശിലാസ്ഥാപനം നിർവഹിച്ചതുമായ ഓരോ പദ്ധതിയിലും കേരളത്തിൻ്റെ ആരോഗ്യസംരക്ഷണ നയങ്ങളുടെ പ്രതിഫലനമുണ്ട്. അവയെല്ലാം സാധാരണക്കാരൻ്റെ ആരോഗ്യവും ജീവിതവും മെച്ചപ്പെടുത്താനുള്ള സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകങ്ങളാണ്. കൂടുതൽ മികവിലേയ്ക്ക് അവയെ ഉയർത്താൻ പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളോടെ സർക്കാർ മുന്നോട്ടു പോകും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News