ദിവസവും മേക്ക്‌അപ് ചെയ്യുന്നവരെ ആശങ്കയിലാക്കി പുതിയ പഠനം
ദിവസവും മേക്ക്‌അപ് ചെയ്യുന്നവരെ ആശങ്കയിലാക്കുന്ന ഒരു പഠനമാണ് ശ്രദ്ധേയമാകുന്നത്. നിങ്ങള്‍ ഇപ്പോഴും പഴയ ബ്രഷ് കൊണ്ട് തന്നെയാണ് മേക്ക്‌അപ് ചെയ്യുന്നതെങ്കില്‍ ഈ പറയുന്ന ഗവേഷണ ഫലങ്ങളില്‍ വളരെ വസ്തുതയുണ്ടെന്ന് തന്നെ പറയേണ്ടി വരും.
വൃത്തിയാക്കാത്തതും പഴകിയതുമായ മേക്കപ്പ് ബ്രഷില്‍ ഒരു ടോയിലറ്റ് സീറ്റിലുള്ളതിനേക്കാള്‍ ബാക്ടീരിയകള്‍ ഉണ്ടാകുമെന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്.
കോസ്മറ്റിക് വസ്തുക്കളുടെ ബ്രാന്‍ഡായ സ്‌പെക്‌ട്രം കളക്ഷന്‍സിന്റെ പഠനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വൃത്തിയാക്കിയതും ആക്കാത്തതുമായ മേക്കപ്പ് ബ്രഷിന്റെ സാമ്ബിളുകളാണ് ഗവേഷകര്‍ പരിശോധനയ്ക്ക് എടുത്തത്. രണ്ടാഴ്ച്ചയായിരുന്നു പരീക്ഷണ കാലം. മേക്കപ്പ് ബ്രഷ് സൂക്ഷിക്കുന്ന സ്ഥലങ്ങളും പരീക്ഷണത്തിന് വിധേയമാക്കി. ഇതിനായി ബെഡ്‌റൂം വാനിറ്റി, ബ്രഷ് ബാഗ്, മേക്കപ്പ് ബാഗ്, ബാത്ത്‌റൂം ഹോള്‍ഡര്‍ എന്നിവയായിരുന്നു തിരഞ്ഞെടുത്തത്. രണ്ടാഴ്ച്ചയ്ക്കു ശേഷം ഇതില്‍ നിന്നും ലഭിച്ച സാമ്ബിളുകള്‍ ടോയിലറ്റ് സീറ്റില്‍ നിന്നും ശേഖരിച്ച സാമ്ബിളുമായി താരതമ്യപ്പെടുത്തി. വൃത്തിയാക്കാത്ത മേക്കപ്പ് ബ്രഷ് എത്ര സുരക്ഷിതമായി എവിടെ സൂക്ഷിച്ചാലും ടോയിലറ്റ് സീറ്റിനേക്കാള്‍ കൂടുതല്‍ ബാക്ടീരിയ ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍.
മുഖത്തുള്ള ബാക്ടീരിയകളും മൃതചര്‍മ കോശങ്ങളും എണ്ണമയവുമെല്ലാം ബ്രഷിലേക്കും വ്യാപിക്കും. ഈ ബാക്ടീരിയകളെല്ലാം ഉപദ്രവകാരികളെല്ലെങ്കിലും വൃത്തിയില്ലാത്ത ബ്രഷ് ഉപയോഗിച്ച് പതിവായി മേക്കപ്പ് ചെയ്യുന്നത് മുഖക്കുരുവിനും മറ്റ് ചര്‍മ രോഗങ്ങള്‍ക്കും കാരണമായേക്കാം. മേക്കപ്പ് ചെയ്യുന്നവരെല്ലാം മേക്കപ്പിനുള്ള ഉപകരണങ്ങള്‍ വൃത്തിയാക്കുന്നുണ്ടോയെന്നും സ്‌പെക്‌ട്രം കളക്ഷന്‍സ് സര്‍വേ നടത്തി. സര്‍വേയില്‍ പങ്കെടുത്തവരില്‍ 40 ശതമാനം പേര്‍ ആഴ്ച്ചയില്‍ ഒരിക്കല്‍ പതിവായി മേക്കപ്പ് ബ്രഷ് വൃത്തിയാക്കുമെന്ന് പറഞ്ഞു. എന്നാല്‍ 20 ശതമാനം ആളുകള്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് ബ്രഷുകള്‍ വൃത്തിയാക്കുന്നത്.