ലൈംഗികാതിക്രമം തടയാൻ വെർച്വൽ റിയാലിറ്റി
പുരുഷന്മാരിൽനിന്നുള്ള ഉപദ്രവങ്ങൾ നേരിടുന്നതിന് സഹായിക്കാൻ വെർച്വൽ റിയാലിറ്റി (വിആർ) സാങ്കേതികവിദ്യയും. മി ടൂ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സിംഗപ്പുരിലാണ് പെൺകുട്ടികളെ സഹായിക്കാൻ ആരംഭിച്ച പ്രത്യേക പദ്ധതിയായ ഗേൾ ടോക്കിൽ പ്രതീതി യാഥാർഥ്യ വിദ്യയും ഉൾപ്പെടുത്തിയത്. അശ്ലീല കമന്റുകൾ തുടങ്ങി ശാരീരിക ഉപദ്രവം വരെ നേരിടേണ്ടി വന്നേക്കാം. ഓരോ സന്ദർഭത്തിലും എങ്ങനെ പ്രതികരിക്കണമെന്ന് ഇത്തരം സന്ദർഭങ്ങൾ ചിത്രീകരിച്ചാണ് വിദ്യാർഥിനികളെ പഠിപ്പിക്കുന്നത്.
മറ്റു സംവിധാനങ്ങളിലൂടെ എത്ര തന്നെ വിശദീകരിച്ചലും പൂർണമാകാത്ത സന്ദർഭങ്ങൾ വെർച്വൽ റിയാലിറ്റിയിൽ തൊട്ടുമുന്നിൽ അവതരിക്കുന്നു.
ഡോർമിട്രിയിൽ താൻ കുളിക്കുന്നത് പകർത്തിയ സംഭവം ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥിനി ഇൻസ്റ്റഗ്രാമിൽ വെളിപ്പെടുത്തിയതോടെ സിംഗപ്പുരിലെ സർക്കാർ യൂനിവേഴ്‌സിറ്റ് കാമ്പസുകളിൽ പ്രധാന ചർച്ചാ വിഷയമായിരിക്കയാണ്. പ്രതിയെ നിസ്സാരമായാണ് കൈകാര്യ ചെയ്തതെന്ന് ആരോപിച്ചുകൊണ്ടാണ് ഇരയായ മോണിക്കാ ബായെ രംഗത്തു വന്നത്. സിംഗപ്പുർ യൂനിവേഴ്‌സിറ്റികളിൽ 2015 മുതൽ 2017 വരെ വിദ്യാർഥികൾ ഉൾപ്പെട്ട 56 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് വിദ്യാഭ്യാസ മന്ത്രി ഓങ് യെ കുംഗ് നേരത്തേ വിളിപ്പെടുത്തിയിരുന്നു.
എന്നാൽ യഥാർഥത്തിലുള്ള കേസുകൾ ഇതിലുമധികമാണെന്നും പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യാതെ പോകുകയാണെന്നും വിദ്യാർഥിനികൾ പറയുന്നു. ന്യാംഗ് ടെക്‌നോളജിക്കൽ യൂനിവേഴ്‌സിറ്റിയിലെ ഡാനേലിയ ചിം, സിയോ യുവാൻ റോംഗ്, ഹീതർ സീറ്റ്, ഡോൺ ക്വാൻ എന്നിവർ ചേർന്നാണ് ഗേൾ ടോക്ക് നിർമിച്ചത്.
വിവിധ സാഹചര്യങ്ങളിൽ എങ്ങനെ മികച്ച രീതിയിൽ പ്രതികരിക്കണമെന്നാണ് വിദ്യാർഥിനികളെ ഇതിലൂടെ പഠിപ്പിക്കുന്നത്. ശാരീരികമായി ആക്രമിക്കപ്പെടുന്ന സാഹചര്യങ്ങളിൽ പോലും എങ്ങനെ പ്രതികരിക്കണമെന്ന് പഠിപ്പിക്കാനും വനിതകളെ ശാക്തീകരിക്കാനുമാകുമെന്ന് ഇവർ വെബ്‌സൈറ്റിൽ അവകാശപ്പെടുന്നു.