വിക്കറ്റ് ഗേറ്റ് തുറക്കും

.കഴക്കൂട്ടം:
ടെക്നോപാർക്കിലെ നിള വിക്കറ്റ് ഗേറ്റ് തുറക്കും. ജില്ലാ കലക്ടർ ജറോമിക് ജോർജിന്റെ ചേമ്പറിൽ ചേർന്ന യോഗമാണ് ഗേറ്റ് തുറക്കുന്ന കാര്യം തീരുമാനിച്ചതു്. യോഗത്തിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, കഴക്കൂട്ടം പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ, ടെക്നോപാർക്ക് സിഇഒ, ചീഫ് സെക്യൂരിറ്റി ഓഫീസർ തുടങ്ങിയവരുമായി ചർച്ച ചെയ്ത് തീരുമാനിച്ചു. ആദ്യ ഘട്ടമെന്ന നിലയിൽ രാവിലെ ആറു മുതൽ വൈകിട്ട് 6 വരെ ഗേറ്റ് തുറക്കും.
33 വർഷത്തോളമായി ജീവനക്കാർക്ക് അകത്തേക്ക് വരാനും പുറത്തേക്ക് പോകാനും ടെക്നോപാർക്ക് ക്യാമ്പസിൽ ഉപയോഗിക്കുന്നതാണ്, വിക്കറ്റ് ഗേറ്റ് എന്നും സൈഡ് ഗെറ്റ് എന്നും പല പേരുകളിൽ അറിയപ്പെടുന്ന ഒന്നരയടി വീതി മാത്രമുള്ള ചെറിയ ഗേറ്റ്. കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എന്ന കാരണം ചൂണ്ടിക്കാട്ടി അധികൃതർ ഗേറ്റ് അടക്കുകയായിരുന്നു. കഴക്കൂട്ടം പൊലീസിൽ നിന്ന് നിർദേശം ലഭിച്ചാൽ മാത്രമേ ഈ ഗേറ്റ് തുറക്കാൻ കഴിയൂ എന്ന നിലപാടിലായിരുന്നു ടെക്നോ പാർക്ക് അധികൃതർ. സംഭവത്തിൽ ടെക്നോ പാർക്കിലെ സാംസ്കാരിക സംഘടനയായ പ്രതിധ്വനി ബന്ധപ്പെട്ടവരെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചിരുന്നു. പിന്നാലെ പ്രദേശത്ത് ചെറുകിട വ്യാപാരികളും ടെക്നോപാർക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. തുടർന്ന് വിഷയത്തിൽ കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രനും ശശി തരൂർ എം.പിയും ഇടപെട്ടിരുന്നു.


