ഓർമ്മയുണ്ടോ ഈ പാലം
ഫ്ലാഷ്ബാക്ക്
ഓർമ്മയുണ്ടോ ഈ പാലം? ഇത് നമ്മുടെ ആദ്യത്തെ തിരുവല്ലം പാലം. ഒരു ചരിത്രം തന്നെ ഇതിനു പിന്നിലുണ്ട്. രാജഭരണക്കാലത്ത് ബ്രിട്ടീഷ് എൻജിനീയർമാരുടെ മേൽനോട്ടത്തിൽ നിർമ്മിയ്ക്കപ്പെട്ടതാണ് ഇത്.
ഇന്നത്തെ പാലങ്ങളുടെ അടിയിലുള്ളതുപോലെ കൂറ്റൻ ബീമുകളും സ്പാനുകളും [കോൺക്രീറ്റ് കൊണ്ടുള്ള താങ്ങുകൾ] ഒന്നുമില്ല.വലിയ കുഴലിൻ്റെ ആകൃതിയിലുള്ള, ലോഹം കൊണ്ടുള്ള തൂണുകളിന്മേൽ ആണ് പാലം നിലകൊണ്ടിരുന്നത്. ആ തൂണുകൾക്കു മുകളിൽ നെടു നീളത്തിൽ പാളംപോലെയുള്ള ഇരുമ്പ് ബീമുകൾ. ഈ തൂണുകളും ഇരുമ്പ് ബീമുകളും തമ്മിൽ നട്ടും ബോൾട്ടും വച്ച് ഉറപ്പിച്ചിരുന്നു. അതിനു മുകളിൽ കോൺക്രീറ്റ് പാളി പോലെയാണ് റോഡ്. ഒരേ സമയം ഒരു ബസ്സിന് മാത്രം കഷ്ടിച്ച് പോകാൻ പറ്റും. പാലത്തിൽ കൂടി നമ്മൾ നടന്നു പോകുന്ന സമയത്ത് ഒരുബസ്സ് കടന്നു വന്നാൽ ആളുകൾ പാലത്തിൻ്റെ കൈവരി ചേർന്ന് അനങ്ങാതെ നെഞ്ചിടിപ്പോടെ നിൽക്കും. ബസ്സ് നമ്മെ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ വളരെ പതുക്കെ കടന്നുപോകുമ്പോൾ പാലത്തിൽ ഒരു വിറയൽ [ഷേക്ക് ] അനുഭവപ്പെടും.
പാലത്തിന് പറഞ്ഞിരുന്ന ഗ്യാരൻ്റിയ്ക്ക് ശേഷവും വളരെ വർഷങ്ങളോളം അതുവഴി ഗതാഗതം നടന്നിരുന്നു. 1974 ൽ പുതിയ പാലം നിലവിൽ വന്ന ശേഷവും കാറുകളും മറ്റും ആ പഴയ പാലം വഴി സഞ്ചരിച്ചിരുന്നു. ഒടുവിൽ 1978 ൽ വളരെ ദിവസം നീണ്ടുനിന്ന മഴയിലും വെള്ളപ്പൊക്കത്തിലും ബണ്ട് തകർന്നു. ഇടയാർ ദ്വീപിൽ മൊത്തം വെള്ളം കയറി നിറഞ്ഞ് ആ ദ്വീപ് തന്നെ വെള്ളത്തിനടിയിലായി. രക്ഷാപ്രവർത്തകരെത്തി സകല പേരെയും കരയിലെത്തിച്ചു. ആ സമയത്ത് ആറ്റിൽ കൂടി ഒഴുകവന്ന വലിയ തെങ്ങുകളും മറ്റും വന്നിടിച്ച് പാലത്തിൻ്റെ 2 തൂണുകൾ തകർന്ന് ഒഴുകിപ്പോയി. പിന്നെ ആ പാലത്തിലേയ്ക്ക് പ്രവേശിയ്ക്കുന്ന ഭാഗത്ത് വാഹനങ്ങൾ കയറാതിരിയ്ക്കാൻ കെട്ടി അടച്ചു. എന്നിട്ടും കാൽ നടക്കാർ അതിലേ നടന്നു പോയിരുന്നു.
ഇതിൽ ആരോ മാർക്ക് സൂചിപ്പിയ്ക്കുന്നത് പാച്ചല്ലൂർ, കോവളം ഭാഗത്തേയ്ക്ക് എന്നാണ്.
ഇതിൽ ആ ചുവന്ന ആരോ മാർക്ക് സൂചിപ്പിക്കുന്നത് പാച്ചല്ലൂർ കോവളം ഭാഗത്തേയ്ക്ക് എന്നാണ്.
പുതിയ പാലം
ഇന്ന് നമ്മൾ കാണുന്ന പാലങ്ങളുടെ പടിഞ്ഞാറ് ഭാഗത്തായിരുന്നു ഈ പാലം നിന്നിരുന്നത്. പാലത്തിനെ താങ്ങി നിർത്തിയിരുന്ന തൂണുകൾ ഓരോന്നായി ഇളകിത്തുടങ്ങിയപ്പോൾപ്പിന്നെ ആത് പൂർണ്ണമായും പൊളിച്ചു മാറ്റി. അത് വിസ്മൃതിയിലേയ്ക്ക് മറഞ്ഞു.
ലേഖകൻ
N. പദ്മകുമാർ