നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു

ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ വെള്ളിയാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റൂം ബോയ് ആണ് മുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടത്.സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു നവാസ്.
പ്രശസ്ത നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ്. മിമിക്രിയിലൂടെയാണ് കലാരംഗത്തെത്തിയത്. കലാഭവനിൽ ചേർന്നതോടെ കലാരംഗത്ത് വഴിത്തിരിവായി. മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധനേടി. ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. 1995-ൽ ‘ചൈതന്യം’ എന്ന ചിത്രത്തിലൂടെയാണ് നവാസ് സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും നായകനായും സഹനടനായും ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. ‘മാട്ടുപ്പെട്ടി മച്ചാൻ’, ‘തില്ലാന തില്ലാന’, ‘മായാജാലം’, ‘ജൂനിയർ മാൻഡ്രേക്ക്’, ‘മൈലാഞ്ചി മൊഞ്ചുള്ള വീട്’, ‘കസബ’, ‘മൈഡിയർ കരടി’, ‘ഇഷ്ടമാണ് നൂറുവട്ടം’ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളിൽപ്പെടുന്നു. ഹാസ്യവും സ്വഭാവ വേഷങ്ങളും ഒരുപോലെ വഴങ്ങുന്ന നടനായിരുന്നു നവാസ്. അദ്ദേഹത്തിന്റെ സ്വാഭാവികമായ അഭിനയം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.
. സഹോദരൻ നിയാസ് ബക്കറും ടെലിവിഷൻ, ചലച്ചിത്ര നടനാണ്. നടി രഹനയാണ് ഭാര്യ. മക്കൾ: നഹറിൻ, റിദ്‍വാൻ, റിഹാൻ.
കലാഭവൻ നവാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
ചലച്ചിത്രതാരം കലാഭവൻ നവാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മിമിക്രിയിലൂടെ ചലച്ചിത്ര മേഖലയിലേക്ക് കടന്നുവന്ന അദ്ദേഹം ടെലിവിഷൻ പരമ്പരകളിലൂടെ കുടുംബ സദസ്സുകളുടെ പ്രീതി പിടിച്ചുപറ്റിയിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.