മോഹൻലാലിൻ്റെ മകൾ സിനിമയിലേക്ക്

മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാൽ വെള്ളിത്തിരയിലേക്ക്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ഒരുങ്ങുന്ന 37ആമത് ചിത്രത്തിലൂടെയാണ് വിസ്മയയുടെ അരങ്ങേറ്റം. ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ‘തുടക്കം’ എന്നാണ് പേരിട്ടിരിക്കുന്നത്.
മോഹൻലാൽ കുടുംബത്തിലെ അംഗങ്ങളായ പ്രണവ് മോഹൻലാലും, പിന്നീട് കല്യാണി പ്രിയദർശനും സിനിമയിൽ അരങ്ങേറിയതുമുതൽ വിസ്മയയും അഭിനയരംഗത്തേക്ക് എത്തുമോ എന്ന ചോദ്യം ആരാധകർക്കിടയിൽ സജീവമായിരുന്നു. ഈ ചോദ്യത്തിനാണ് ഇപ്പോൾ ‘തുടക്കം’ എന്ന ചിത്രത്തിലൂടെ ഉത്തരമായിരിക്കുന്നത്. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ തന്നെയാണ് തൻ്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലൂടെ അവതരിപ്പിച്ചത്.
“പ്രിയപ്പെട്ട മായക്കുട്ടി, ചലച്ചിത്ര മേഖലയിലേക്കുള്ള നിൻ്റെ തുടക്കം ഈയൊരു തുടക്കത്തിലൂടെ ആകട്ടെ” എന്നാണ് ചിത്രം പ്രഖ്യാപിച്ചുകൊണ്ട് മോഹൻലാൽ കുറിച്ചത്. ആശിർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രം എന്നതിനപ്പുറം, മോഹൻലാലിൻ്റെ സ്വന്തം പ്രൊഡക്ഷൻ ബാനറിലൂടെയുള്ള ഈ അരങ്ങേറ്റം വിസ്മയയുടെ സിനിമാ പ്രവേശനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു.