സിപിആർ പരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കെജിഎംഒഎ

തിരുവനന്തപുരം:
യുവജനങ്ങൾക്കിടയിൽ അപ്രതീക്ഷിതമായ ഹൃദയസ്തംഭന മരണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സിപിആർ പരിശീലനം നൽകുകയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും വേണമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെജിഎംഒഎ). ഹൃദയസ്തംഭനം ഉണ്ടാകുമ്പോൾ അടിയന്തരമായി നൽകേണ്ട കാർഡിയോ പൾമണറി റീസസിറ്റേഷൻ (സിപിആർ) പോലുള്ള ജീവൻരക്ഷാ മാർഗ്ഗങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് സർക്കാരിനോട് കെജിഎംഒഎ ആവശ്യപ്പെട്ടു.
ദാരുണമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ഹൈസ്‌കൂളുകളിലും ഹയർ സെക്കണ്ടറി സ്‌കൂളുകളിലും കോളേജുകളിലും സിപിആർ ഒരു നിർബന്ധിത വിഷയമാക്കി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക. വിവിധ മേഖലകളിലുള്ളവർക്കായി സിപിആർ പരിശീലന പരിപാടികൾ സംഘടിപ്പിക്കുക. ഇതിൽ കോളേജുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, റെസിഡന്റ്‌സ് അസോസിയേഷനുകൾ, വിവിധ യുവജന സംഘടനകൾ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കുക. തിരക്കുള്ള പൊതുസ്ഥലങ്ങളിലും പരിപാടികളിലും ആവശ്യമായ പ്രഥമ ശുശ്രൂഷാ കിറ്റുകളും ഓട്ടോമേറ്റഡ് എക്‌സ്‌റ്റേണൽ ഡിഫിബ്രിലേറ്റർ പോലുള്ള ജീവൻ രക്ഷാ ഉപകരണങ്ങളും ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ കെജിഎംഒഎ മുന്നോട്ടുവെക്കുന്നുണ്ട്.

കൃത്യസമയത്ത് ശരിയായ വിധത്തിൽ നൽകുന്ന സിപിആർ ഒരു ജീവൻ രക്ഷിക്കുന്നതിൽ നിർണ്ണായകമാണ്. ഹൃദയസ്തംഭനം ഉണ്ടായാൽ ആദ്യത്തെ ഏതാനും മിനിറ്റുകൾക്കുള്ളിൽ നൽകുന്ന ചികിത്സയാണ് ജീവനും മരണത്തിനും ഇടയിലുള്ള അതിർവരമ്പ് നിർണ്ണയിക്കുന്നത്. അതുകൊണ്ടുതന്നെ, സിപിആർ മറ്റ് പ്രാഥമിക ശുശ്രൂഷാ രീതികൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകേണ്ടത് അത്യാവശ്യമാണെന്ന് കെജിഎംഒഎ പറയുന്നു.