കുമരി ചന്തയിലെ മാലിന്യപ്രശ്നം: വാർഡ് കൗൺസിലർ സിമി ജ്യോതിഷിന്റെ നേതൃത്വത്തിൽ സന്ദർശനം; പരിഹാരത്തിന് കർശന നിർദ്ദേശം
തിരുവനന്തപുരം:
അമ്പലത്തറ വാർഡിലെ കുമരി ചന്തയ്ക്കും വേടന്തറ റോഡിനും സമീപമുള്ള മാലിന്യപ്രശ്നത്തിൽ ശാശ്വത പരിഹാരം തേടി ജനപ്രതിനിധികളുടെ സന്ദർശനം. വാർഡ് കൗൺസിലർ സിമി ജ്യോതിഷ്, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. എം.ആർ. ഗോപൻ എന്നിവർ ഇന്ന് (31-01-2026) പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
തിരഞ്ഞെടുപ്പ് കാലം മുതൽ പ്രദേശവാസികൾ ഉന്നയിച്ചു പോരുന്ന ഈ പ്രശ്നം വാർഡ് മെമ്പർ സിമി ജ്യോതിഷ് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് അടിയന്തിര പരിശോധന നടന്നത്. ഹെൽത്ത് ഓഫീസറും ഉദ്യോഗസ്ഥരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
സന്ദർശനത്തിലെ പ്രധാന നിരീക്ഷണങ്ങൾ:
- ജനവാസ മേഖലയിലെ ദുരിതം: നിരവധി വീടുകളും ആശുപത്രിയും പ്രവർത്തിക്കുന്ന വേടന്തറ റോഡിൽ, ചന്തയോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ഏറോബിക് ബിന്നുകളിൽ നിന്നുള്ള മത്സ്യാവശിഷ്ടങ്ങളുടെ ദുർഗന്ധം അസഹനീയമാണെന്ന് ജനപ്രതിനിധികൾ ബോധ്യപ്പെട്ടു.
- തോട് ശുചീകരണം: മാർക്കറ്റിൽ നിന്നുള്ള മലിനജലം സമീപത്തെ തോട്ടിലേക്ക് ഒഴുകുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. തോട് അടിയന്തിരമായി ശുചീകരിക്കാൻ ചെയർമാനും വാർഡ് മെമ്പറും നിർദ്ദേശം നൽകി.
- മാലിന്യ നീക്കം: ബിന്നുകളിലെ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനും, മത്സ്യമാലിന്യങ്ങൾ നീക്കം ചെയ്യാൻ പുറം ഏജൻസികളെ ഏൽപ്പിക്കാനും JHI-ക്ക് കർശന നിർദ്ദേശം നൽകി. ഏജൻസികൾ എത്തുന്ന മുറയ്ക്ക് ബിന്നുകൾ അവിടെ നിന്നും മാറ്റുമെന്ന് കൗൺസിലർ സിമി ജ്യോതിഷും ചെയർമാനും പ്രദേശവാസികൾക്ക് ഉറപ്പ് നൽകി.
വർഷങ്ങളായുള്ള ദുർഗന്ധത്തിന് ഉടൻ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
