ഇന്ത്യക്കെതിരെ പാക്കിസ്ഥാന് 267 റണ്‍സ് വിജയലക്ഷ്യം
ഏഷ്യാകപ്പ് ഏകദിന മത്സരത്തില്‍ പാക്കിസ്ഥാനെതിരെ 267 വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ. മഴ രസം കൊല്ലിയായെത്തിയ ആദ്യ ഇന്നിങ്സില്‍ ടോസ് നേടി നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.5 ഓവറില്‍ ഓള്‍ ഔട്ടായി. ഇഷാന്‍ കിഷന്‍റെയും ഹാര്‍ദിക് പാണ്ഡ്യയുടെയും ബലത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഇഷാന്‍ – ഹാര്‍ദിക് സഖ്യമാണ് പിടിച്ചുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് 138 റണ്‍സാണ് ഇന്ത്യന്‍ സ്കോറിലേക്ക് സംഭാവന ചെയ്തത്.
90 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം 87 റണ്‍സെടുത്ത ഹാര്‍ദിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 81 പന്തുകള്‍ നേരിട്ട ഇഷാന്‍ കിഷന്‍ രണ്ട് സിക്‌സും ഒമ്പത് ഫോറുമടക്കം 82 റണ്‍സെടുത്തു.
10 ഓവറില്‍ 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഷഹീന്‍ അഫ്രീദിയാണ് ഒരിക്കല്‍ കൂടി ഇന്ത്യന്‍ ബാറ്റിങ് നിരയെ പ്രതിരോധത്തിലാക്കിയത്. നസീം ഷായും ഹാരിസ് റൗഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നായകന്‍ രോഹിത് ശര്‍മ്മയുടെയും വിരാട് കോലിയുടെയും വിക്കറ്റുകള്‍ ആദ്യം തന്നെ നഷ്ടമായി. ഷഹീന്‍ അഫ്രീദി എറിഞ്ഞ പന്തില്‍ ഇന്ത്യന്‍ നായകന്‍ (22 പന്തില്‍ 11 റണ്‍സ്) ക്ലീന്‍ ബൗള്‍ഡ് ആവുകയായിരുന്നു. പിന്നാലെ ആറാം ഓവറിലെ മൂന്നാം പന്തില്‍ വിരാട് കോലിയെയും ഷഹീന്‍ അഫ്രീദി (7 പന്തില്‍ 4 റണ്‍സ്) പുറത്താക്കി.