സാമ്പത്തികശാസ്ത്രജ്ഞനും അധ്യാപകനുമായ ഡോ. എം. കുഞ്ഞാമന് (74) അന്തരിച്ചു

തിരുവനന്തപുരം :
ഇടതുപക്ഷ നിലപാട് പങ്കുവെക്കുന്ന ദളിത് ചിന്തകനും അദ്ധ്യാപകനും എഴുത്തുകാരനുമായിരുന്ന ഡോ. എം. കുഞ്ഞാമന് (74) അന്തരിച്ചു. കുഞ്ഞാമൻ ദളിത്-സാമ്പത്തിക ശാസ്ത്ര മേഖലകളില്‍ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഞായറാഴ്ച വൈകുന്നേരത്തോടെ തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കേരള സര്‍വകലാശാലയില്‍ ദീര്‍ഘകാലം സാമ്പത്തികശാസ്ത്ര അധ്യാപകനായിരുന്നു കുഞ്ഞാമൻ. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പ്രൊഫസറായാണ് വിരമിക്കുന്നത്.
മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന് ശേഷം സാമ്പത്തികശാസ്ത്രത്തിലെ ബിരുദാനന്തരബിരുദത്തില്‍ ഒന്നാം റാങ്ക് നേടുന്ന ദളിത് വിദ്യാര്‍ത്ഥിയാണ് കുഞ്ഞാമന്. എം.എയ്ക്ക് ശേഷം തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസില്‍ ‘കേരളത്തിലെ തെക്കന്‍, വടക്കന്‍ ജില്ലകളിലെ ആദിവാസിജീവിതത്തെ കുറിച്ചുള്ള താരതമ്യപഠനം’ എന്ന വിഷയത്തില്‍ ഗവേഷണം. പിന്നീട് ‘ഇന്ത്യയിലെ സംസ്ഥാനതല ആസുത്രണം’ എന്ന വിഷയത്തില്‍ കുസാറ്റില്‍ നിന്ന് പി.എച്ച്.ഡി പൂര്‍ത്തിയാക്കി.
പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശിയിൽ മണ്ണിയമ്പത്തൂര്‍ അയ്യപ്പന്റെയും ചെറോണയുടെയും മകനായാണ് കുഞ്ഞാമന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം വാടാനംകുറിശ്ശി എല്‍.പി. സ്കൂളില്‍ നിന്നായിരുന്നു. പ്രീഡിഗ്രി മുതല്‍ എം.എ. വരെ പാലക്കാട് ഗവ. വിക്ടോറിയ കോളേജിലായിരുന്നു പഠനം.
