ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയക്രമം നിശ്ചയിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി

 ഗവർണർമാർക്കും രാഷ്ട്രപതിക്കും   സമയക്രമം നിശ്ചയിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി:

ബില്ലുകളിൽ തീരുമാനം വൈകിച്ച ചില സംഭവങ്ങളുടെ പേരിൽ ഗവർണർമാർക്കും രാഷ്ട്രപതിക്കും ഇതിനായി സമയക്രമം നിശ്ചയിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഈ വിഷയത്തിൽ രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. പൊതുവായ സമയക്രമം നിശ്ചയിക്കുന്നത് ഭരണഘടനയെ ഭേദഗതിചെയ്യലായി മാറുമെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ നേതൃത്വത്തിലുള്ള അഞ്ച് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, പി എസ് നരസിംഹ, എ എസ് ചന്ദൂർക്കർ എന്നിവർ ഉൾപ്പെടുന്നു.

ബില്ലിന് അനുമതി നൽകുന്നില്ലെങ്കിൽ ‘എത്രയും വേഗം’ നിയമസഭയ്ക്ക് തിരിച്ചയക്കണമെന്ന് പറയുന്നതല്ലാതെ, ഭരണഘടനയിലും സമയക്രമം നിർദേശിച്ചിട്ടില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഗവർണർമാർ ബില്ലുകൾ തടഞ്ഞുവെക്കുന്നത് പതിവാകുന്നതിനാൽ സമയക്രമം അനിവാര്യമാണെന്ന് തമിഴ്നാടിനുവേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി വാദിച്ചു. രാഷ്ട്രപതിയുടെയും ഗവർണറുടെയും അധികാരം സുപ്രീംകോടതിക്ക് ഏറ്റെടുക്കാനാകുമോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

എംഎൽഎമാരുടെ അയോഗ്യതാവിഷയത്തിൽ മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അടുത്തിടെ തെലങ്കാന സ്പീക്കർക്ക് നിർദേശം നൽകിയകാര്യം സിംഗ്വി ചൂണ്ടിക്കാട്ടി. അത് ആ കേസിൽമാത്രമായുള്ള നിർദേശമാണെന്നും എല്ലാ സ്പീക്കർമാർക്കും പൊതുവായി സമയക്രമം നിശ്ചയിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഗവർണറോ രാഷ്ട്രപതിയോ സമയക്രമം പാലിച്ചില്ലെങ്കിൽ അവർക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനാകുമോയെന്ന് കോടതി ചോദിച്ചപ്പോൾ, അത്തരം സാഹചര്യങ്ങളിൽ ബില്ലുകൾക്ക് കല്പിത അനുമതി നൽകുകയാണ് പോംവഴിയെന്ന് സിംഗ്വി പറഞ്ഞു. ബുധനാഴ്ച വാദം കേൾക്കൽ പുനരാരംഭിക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News