പാകിസ്ഥാനിൽ വൻ ചാവേറാക്രമണം

ഇസ്‌ലാമാബാദ്:
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ബലൂചിസ്ഥാൻ നാഷണൽ പാർട്ടി (ബിഎൻപി) റാലിക്ക് സമീപം ചാവേറാക്രമണമാണ് ഉണ്ടായതെന്ന് ദി എക്‌സ്‌പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്‌തു. ബിഎൻപി നേതാവും ബലൂചിസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ സർദാർ അത്തൗല്ല മെംഗലിൻ്റെ നാലാം ചരമവാർഷികാഘോഷ പരിപാടി അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഷാഹ്വാനി സ്റ്റേഡിയത്തിന് സമീപം സ്ഫോടനം ഉണ്ടായത്.
ബലൂചിസ്ഥാൻ ആരോഗ്യമന്ത്രി ബഖ്‌ത് മുഹമ്മദ് കക്കർ ഇക്കാര്യം സ്ഥിരീകരിച്ചു. “റാലിയിൽ നിന്ന് ആളുകൾ പോകുന്നതിനിടെ ഒരു പാർക്കിങ് ഏരിയയിൽ ബോംബ് പൊട്ടിത്തെറിച്ചതായി ഞങ്ങൾക്ക് ലഭിച്ച റിപ്പോർട്ടുകൾ പറയുന്നു, സ്ഫോടനത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്, ഇത് ഒരു ചാവേർ ബോംബാക്രമണമാണെന്ന് സംശയിക്കുന്നു”, എന്ന് പൊലീസ് ഉദ്യോഗസ്ഥൻ അത്തർ റഷീദ് പറഞ്ഞു.
ബലൂചിസ്ഥാൻ നാഷണൽ പാർട്ടിയുടെ (മെംഗൽ) ചെയർമാനും മുൻ മുഖ്യമന്ത്രി സർദാർ അത്തൗല്ല മെംഗലിൻ്റെ മകനുമായ അക്തർ മെംഗലിനെയും അദ്ദേഹത്തിൻ്റെ വാഹനവ്യൂഹത്തെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു. എങ്കിലും, ആക്രമണത്തിൽ മെംഗലിന് പരിക്കുകളൊന്നുമില്ലെന്ന് ദി എക്‌സ്‌പ്രസ് ട്രിബ്യൂൺ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
സ്‌ഫോടനത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സുരക്ഷാ സേന ഉടൻ സ്ഥലത്തെത്തി. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയി. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്. ഏകദേശം 100ഓളം പേര്‍ പാര്‍ട്ടിയുടെ റാലിയില്‍ പങ്കെടുക്കാൻ എത്തിയിരുന്നു. അക്തർ മെംഗലിൻ്റെ വാഹനം കടന്നുപോയ നിമിഷങ്ങൾക്ക് ശേഷമാണ് സ്ഫോടനത്തിൽ 14 പാർട്ടി അംഗങ്ങൾ കൊല്ലപ്പെട്ടതെന്ന് ബിഎൻപി വക്താവ് സാജിദ് തരീൻ മാധ്യമങ്ങളോട് പറഞ്ഞു.