ബംഗളുരു ഫൈനലിൽ
മുല്ലൻപുർ:
കാത്തിരുന്ന സ്വപ്ന കിരീടത്തിലേക്ക് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ഒരു ചുവടു കൂടി. ഐപിഎൽ ക്രിക്കറ്റ് ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെ തകർത്തെറിഞ്ഞ് ബംഗളുരു ഫൈനലിലേക്ക് കുതിച്ചു. ഉശിരോടെ പന്തെറിഞ്ഞ ബൗളർമാർ എട്ട് വിക്കറ്റിന്റെ ആധികാരിക ജയമൊരുക്കി.പഞ്ചാബിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ ബംഗളുരു 14.1 ഓവറിൽ 101 ൽ ഒതുക്കി. മറുപടിക്ക് വെറും പത്തോവർ മതിയായിരുന്നു. സ്കോർ:പഞ്ചാബ് 101 ( 14 ), ബംഗളുരു 106/2 (10). മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നർ സൂയാഷ് ശർമയും പേസർ ജോഷ് ഹാസെൽവുഡുമായിരുന്നു ബംഗളുരുവിന്റെ വിജയ ശില്പികൾ. ബാറ്റിങ്ങിൽ ഓപ്പണർ ഫിൽസാൾട്ടും (26 പന്തിൽ 55) മിന്നി. ജൂൺ 3 നാണ് ഫൈനൽ. ബംഗളുരുവിന്റെ നാലാം ഫൈനലാണ്. കഴിഞ്ഞ മൂന്നു തവണയും തോൽവിയായിരുന്നു.