പുരുഷനും അന്തസ്സും ആത്മാഭിമാനവുമുണ്ടെന്ന് ഹൈക്കോടതി; ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് മാറ്റാൻ അനുമതി
കൊച്ചി:
സ്ത്രീയെപ്പോലെ തന്നെ പുരുഷനും അന്തസ്സും ആത്മാഭിമാനവും വ്യക്തിത്വവുമുണ്ടെന്ന് കേരള ഹൈക്കോടതി. വിവാഹബന്ധം നിലനിൽക്കെ കാമുകനിൽ നിന്ന് ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് മാറ്റാൻ അനുമതി നൽകിക്കൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. കുട്ടിയുടെ ഭാവിയും യുവതിയുടെ ആദ്യ ഭർത്താവിന്റെ മാന്യമായ നിലപാടും പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി.
കേസിനാസ്പദമായ സംഭവം തൃശൂർ സ്വദേശിനിയായ യുവതി വിവാഹബന്ധം നിലനിൽക്കെ 2017-ൽ കാമുകനിൽ നിന്ന് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. അന്ന് ജനന സർട്ടിഫിക്കറ്റിൽ ഭർത്താവിന്റെ പേരാണ് പിതാവിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്. ആറ് വർഷത്തോളം കുട്ടി തന്റേതാണെന്ന് കരുതിയാണ് ഭർത്താവ് വളർത്തിയത്. എന്നാൽ പിന്നീട് കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാവുകയും 2023-ൽ ഇരുവരും വിവാഹമോചനം നേടുകയും ചെയ്തു. തുടർന്ന് യുവതി കുട്ടിയുടെ യഥാർത്ഥ പിതാവിനെ വിവാഹം കഴിക്കുകയും ജനന സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കോടതിയെ സമീപിക്കുകയുമായിരുന്നു.
കോടതിയുടെ നിരീക്ഷണം ആദ്യ ഭർത്താവിനെ കൂടി കക്ഷിയാക്കാൻ നിർദ്ദേശിച്ച കോടതിക്ക് മുന്നിൽ, തന്റെ പേര് മാറ്റുന്നതിൽ എതിർപ്പില്ലെന്ന് അദ്ദേഹം അറിയിച്ചു. ഈ നിലപാടിനെ കോടതി പ്രശംസിച്ചു.
“സ്ത്രീയെപ്പോലെ തന്നെ പുരുഷനും അന്തസ്സും ആത്മാഭിമാനവുമുണ്ട്. ആറ് വർഷത്തോളം തന്റേതാണെന്ന് കരുതി വളർത്തിയ കുട്ടി മറ്റൊരാളുടേതാണെന്ന് അറിഞ്ഞിട്ടും മാന്യമായ നിലപാട് സ്വീകരിച്ച വ്യക്തിയുടെ അന്തസ്സ് സംരക്ഷിക്കപ്പെടണം.” – കോടതി വ്യക്തമാക്കി.
ഹർജിക്കാരുടെ ആവശ്യം എന്നതിലുപരി, നിരപരാധിയായ ആദ്യ ഭർത്താവിന്റെ മാന്യത കാക്കാനും കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാനുമാണ് പിതാവിന്റെ പേര് മാറ്റാൻ അനുമതി നൽകുന്നതെന്ന് കോടതി വിധിയിൽ പറഞ്ഞു.
