ഹോർമുസ് കടലിടുക്ക് അടച്ചതായി ഐആർജിസി; ആഗോള എണ്ണവിപണിയിൽ ആശങ്കയേറുന്നു
ടെഹ്‌റാൻ:
ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽചാലായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) പ്രഖ്യാപിച്ചു. കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്നും മേഖലയിൽ നിന്ന് ഒരു തുള്ളി എണ്ണ പോലും പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും ഐആർജിസി കമാൻഡർ ഇൻ ചീഫിന്റെ മുതിർന്ന ഉപദേഷ്ടാവ് ഇബ്രാഹിം ജബാരി വ്യക്തമാക്കിയതായി അൽജസീറ റിപ്പോർട്ട് ചെയ്തു.

ഭീഷണിയായി എണ്ണവില വർദ്ധന വരും ദിവസങ്ങളിൽ എണ്ണവില ബാരലിന് 200 ഡോളറിലെത്തുമെന്ന് ജബാരി മുന്നറിയിപ്പ് നൽകി. മേഖലയിലെ എണ്ണ പൈപ്പ് ലൈനുകൾ ആക്രമിക്കുമെന്നും അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ധനമെത്തില്ലെന്നും ഇറാൻ പ്രഖ്യാപിച്ചു. മിഡിൽ ഈസ്റ്റിലെ യുദ്ധം രൂക്ഷമായതോടെ നിലവിൽ തന്നെ ക്രൂഡ് ഓയിൽ വിലയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹോർമുസിലെ ഉപരോധം ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
വൈരുദ്ധ്യ നിലപാടുകൾ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടിന് വിരുദ്ധമായി ഐആർജിസി കടുത്ത നീക്കങ്ങളിലേക്ക് നീങ്ങുകയാണ്. നിലവിൽ ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എന്തുകൊണ്ട് ഹോർമുസ് പ്രധാനം? പേർഷ്യൻ ഗൾഫിനെയും ഒമാൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഈ ജലപാത വഴിയാണ് സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണക്കപ്പലുകൾ സഞ്ചരിക്കുന്നത്. പ്രതിദിനം മുന്നൂറോളം കപ്പലുകൾ കടന്നുപോകുന്ന ഈ പാത അടയുന്നത് ആഗോള എണ്ണ വ്യാപാരത്തെ പൂർണ്ണമായും പ്രതിസന്ധിയിലാക്കും.
