കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത; പത്തനംതിട്ട കോന്നിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയുടെ പശ്ചാത്തലത്തിൽ കോന്നിയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ പുറത്തിറക്കിയ മഴ മുന്നറിയിപ്പ് പ്രകാരം രണ്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ടുള്ളത്. മഴ മുന്നറിയിപ്പും സ്കൂൾ അവധിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും അറിയാം
.വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. 48 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദമായി ശക്തിപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മിതമായതോ, ഇടത്തരത്തിലോ മഴ തുടരാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 3 മുതൽ 7 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ടാണ്. തിങ്കളാഴ്ച രാവിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.