എല്ലാ ജില്ലകളിലും ഓങ്കോളജി ക്ലിനിക്ക്
തിരുവനന്തപുരം:
ആരോഗ്യവകുപ്പ് എല്ലാ ജില്ലകളിലും ഓങ്കോളജി ക്ലിനിക്ക് ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്. ലോക അർബുദ ദിനത്തോടനുബന്ധിച്ച് നടന്ന സെമിനാറിലാണ് മന്ത്രി ഇക്കാര്യം പ്രസ്താവിച്ചത്. കാൻസർ വരുന്നതിനുവളരെ മുൻപുതന്നെ രോഗ സാധ്യത കണ്ടെത്തി തുടർ പരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയമാക്കാൻ കഴിയുന്നതാണ് പ്രിവന്റീവ് ഓങ്കോളജി. തുടക്കത്തിൽ ആശുപത്രികളിൽ ഗൈനോക്കോളജി വിഭാഗത്തോടനുബന്ധിച്ചാകും ക്ലിനിക്കുകൾ ആരംഭിക്കുന്നതു്. സ്ത്രീകളിലെ കാൻസർ കണ്ടുപിടിക്കുന്നതിനുള്ള എച്ച്പിവി വാക്സിനേഷൻ എന്നിവയും ക്ലിനിക്കിലുണ്ടാകും. സംസ്ഥാനത്ത് പുരുഷന്മാരിൽ ശ്വാസകോശ കാൻസറും സ്ത്രീകളിൽ സ്തനാർബുദവുമാണ് കൂടുതലെന്നാണ് കണക്ക്. തെക്കൻ ജില്ലകളിൽ പുരുഷൻ മാരിൽ പ്രോസ്റ്റേറ്റ് കാൻസറും തൈറോയിഡ് കാൻസറും വടക്കൻ ജില്ലകളേക്കാൾ കൂടുതലാണ്.ആർദ്രം ജീവിതശൈലീ രോഗ നിർണ്ണയ ക്യാമ്പയിന്റെ ഭാഗമായി 30 വയസ്സിനു മുകളിലുള്ള 1.53 കോടിയിലധികം പേരുടെ വാർഷികാരോഗ്യ പരിശോധന നടത്തിയിരുന്നു.