‘ക്ലാസിക്കല്‍’ പദവിയിലേയ്ക്ക് അഞ്ച് ഭാഷകള്‍ കൂടി

ന്യൂഡല്‍ഹി:
ഇന്ത്യയിലെ അഞ്ച് ഭാഷകൾകൂടി ക്ലാസിക്കല്‍ പദവിയിലേക്ക്. കേന്ദ്രമന്ത്രിസഭയാണ് ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയത്. മറാത്തി, ബംഗാളി, പാലി, പ്രാകൃത്, ആസാമീസ് എന്നീ അഞ്ച് ഭാഷകള്‍ക്ക് കൂടി ക്ലാസിക്കല്‍ ഭാഷ പദവി നല്‍കുന്നതിന് കേന്ദ്ര മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. ഈ മന്ത്രിസഭാ തീരുമാനത്തോടെ, പദവിയുള്ള ഭാഷകളുടെ എണ്ണം ആറില്‍ നിന്ന് 11 ആയി വർധിക്കും.
തമിഴ്, സംസ്‌കൃതം, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ എന്നീ ഭാഷകൾക്കായിരുന്നു നിലവിൽ ക്ലാസിക്കൽ പദവിയുള്ളത്. 2013ലാണ് മലയാളത്തിന് ക്ലാസിക്കല്‍ പദവി ലഭിച്ചത് 2004ല്‍ തമിഴിനും 2005ല്‍ സംസ്‌കൃതം, 2008ല്‍ കന്നഡ, തെലുങ്കിനും പദവി ലഭിച്ചു. 2014ല്‍ ഒഡിയയം ഈ പട്ടികയിൽ ഇടംനേടി. ഇത്രയും ഭാഷകള്‍ക്ക് ഒരുമിച്ച് ക്ലാസിക്കല്‍ പദവി ലഭിക്കുന്നത് ആദ്യമായിട്ടാണ്.
ക്ലാസിക്കൽ പദവി ലഭിക്കുന്നതോടെ ഈ പുരാതന ഭാഷകളുടെ ഗവേഷണത്തിനും സംരക്ഷണത്തിനും പുതിയ വഴികൾ തുറക്കും. ആസാമീസിനെ ക്ലാസിക്കൽ ഭാഷയായി ഉൾപ്പെടുത്തിയതിൽ ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നന്ദി രേഖപ്പെടുത്തി.