നവജാത ശിശുവിനെ കൊന്ന കേസിൽ അമ്മ അറസ്റ്റിൽ

കൊച്ചി:
നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്നശേഷം ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞു. എറണാകുളം പനമ്പള്ളി നഗറിനു സമീപത്തെ ഫ്ളാറ്റിൽ വെള്ളിയാഴ്ച രാവിലെ 8.15 നാണ് സംഭവം. ഇരുപത്തി മൂന്നുകാരിയാണ് പ്രസവിച്ച് മൂന്നു മണിക്കൂറിനകം ബാൽക്കണിയിൽനിന്ന് കുഞ്ഞിനെ താഴേക്ക് എറിഞ്ഞത്. പീഡനത്തിന് ഇരയായാണ് ഇവർ ഗർഭിണിയായതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ അറസ്‌റ്റു ചെയ്തു. ഗർഭിണിയാണെന്ന് മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. ഫ്ളാറ്റിലെ ശുചിമുറിയിൽ വെള്ളിയാഴ്ച പുലർച്ചെ അഞ്ചിനാണ് പ്രസവിച്ചത്. റോഡിന്റെ നടുക്കാണ് മൃതദേഹം കിടന്നത്. യുവതിയെ പീഡിപ്പിച്ചയാൾ തൃശൂർ സ്വദേശിയാണെന്നും ഇൻസ്റ്റാഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. യുവതിയെ ചികിത്സയ്ക്കായി എണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.