സ്കൂൾ ഒളിമ്പിക്സ് 2024ന് തുടക്കം
കൊച്ചി:
കായിക കേരളം പുതുചരിത്രമെഴുതാൻ മണിക്കൂറുകൾ മാത്രം. ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായികമേളയെ വരവേൽക്കാൻ കൊച്ചി ഒരുങ്ങി. 17 വേദികളിലായി നടക്കുന്ന കായിക മേളയുടെ അവസാന വട്ടഒരുക്കങ്ങൾ പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിലയിരുത്തി.പ്രധാന വേദിയായ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വൈകിട്ട് നാലിന് ആരംഭിക്കുന്ന പ്രൗഢഗംഭീരമായ ഉദ്ഘാടനച്ചടങ്ങോടെയാണ് മേളയ്ക്ക് തുടക്കമാകുക. മാർച്ച് പാസ്റ്റിലും ദീപശിഖാ റാലിയിലും 14 ജില്ലകളിൽനിന്ന് 3500 കുട്ടികൾ അണിനിരക്കും. മന്ത്രിവി ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്യും. മേളയുടെ ബ്രാൻഡ് അംബാസഡർ പി ആർ ശ്രീജേഷ് ദീപശിഖ കൊളുത്തും. വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനാകും. സാംസ്കാരിക സമ്മേളനം നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും.ഉദ്ഘാടന ചടങ്ങിനുശേഷം ബാൻഡ് മാർച്ച് ആരംഭിക്കും. തുടർന്ന് 1000 പേരുടെ മാസ്ഡ്രിൽ, സൂoബ എന്നിവയും നടക്കും. മത്സരങ്ങൾ നാളെ മുതലാണ്.