മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം:ജില്ലാ കളക്ടര്‍ അന്വേഷിക്കും

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്ന് വീണ സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഇന്ന് അന്വേഷണം ആരംഭിക്കും. പ്രവേശനം നിരോധിച്ചിരുന്ന ശുചിമുറിയില്‍ ആളുകള്‍ കയറിയതിനെ കുറിച്ച് അന്വേഷിക്കും.അപകടത്തില്‍ ജീവന്‍ നഷ്ടമായ ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് തലയോലപറമ്പില്‍ നടക്കും. അതേസമയം സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധം പ്രകടനം നടത്തും.
മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കാനായാണ് ബിന്ദു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയത്. അപ്പോഴായിരുന്നു അപകടം. ബിന്ദുവിനെ പുറത്തെടുക്കുമ്പോൾ തന്നെ ജീവനറ്റനിലയിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.