മലയാളം വാനോളം, ലാൽസലാം’; മോഹൻലാലിന് ഇന്ന് തലസ്ഥാനത്ത് ആദരം, പ്രവേശനം സൗജന്യം

 മലയാളം വാനോളം, ലാൽസലാം’; മോഹൻലാലിന് ഇന്ന് തലസ്ഥാനത്ത് ആദരം, പ്രവേശനം സൗജന്യം

തിരുവനന്തപുരം: 

ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് നേടിയ മലയാളത്തിൻ്റെ നടന വിസ്‌മയം മോഹന്‍ലാലിന് സംസ്ഥാന സര്‍ക്കാരിൻ്റെ ആദരം. സര്‍ക്കാരിൻ്റെ ഔദ്യോഗിക പരിപാടി ‘മലയാളം വാനോളം ലാൽസലാം’ എന്ന പേരിൽ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് 5ന് നടക്കും.

വര്‍ണ ശബളമായ കലാ സന്ധ്യയുടെ അകമ്പടിയില്‍ നടക്കുന്ന ചടങ്ങുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനെ ആദരിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിയ്‌ക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മന്ത്രിമാരായ സജി ചെറിയാന്‍, കെഎന്‍ ബാലഗോപാല്‍, ജി ആര്‍ അനില്‍ തുടങ്ങിയവരും ഇന്ത്യന്‍ ചലചിത്ര രംഗത്തെ പ്രമുഖരും പരിപാടിയുടെ ഭാഗമാകും.

തുടര്‍ന്ന് സംവിധായകന്‍ ടികെ രാജീവ് കുമാര്‍ അണിയിച്ചൊരുക്കുന്ന രംഗാവിഷ്‌കാരം രാഗം മോഹനം എന്ന സ്‌റ്റേജ് ഷോ അരങ്ങേറും. മോഹന്‍ലാല്‍ സിനിമകളിലെ നായികമാരായ ശോഭന, മീന, അംബിക, രഞ്ജിനി, ഉര്‍വ്വശി, മാളവിക മോഹന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. സംവിധായകരായ അടൂര്‍ ഗോപാലകൃഷ്‌ണന്‍, ജോഷി എന്നിവരും പരിപാടിയുടെ ഭാഗമാകും.

പൊതുജനങ്ങള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കുന്നതിന് തടസമില്ല. പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. ഏകദേശം 50,000 പേര്‍ക്ക് പരിപാടി വീക്ഷിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. മോഹന്‍ലാലിനെ ആദരിക്കുന്ന സര്‍ക്കാരിൻ്റെ പരിപാടിയിലേക്ക് മുഴുവന്‍ മലയാളികളെയും ക്ഷണിക്കുന്നതായി മന്ത്രി പറഞ്ഞു.

പരിപാടിയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് പൊലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് പരിപാടി നേരിട്ടു കാണുന്നതിന് സ്റ്റേഡിയത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ വീഡിയോ വാളുകളും സജ്ജമാക്കിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി മോഹന്‍ലാല്‍ സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഗാന സന്ധ്യയുണ്ടായിരിക്കും. നിരവധി ഗായകർ പരിപാടിയിൽ പങ്കെടുക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News