‘മാർക്കോ’ വർത്തമാനകാല അരാഷ്ട്രീയത്തിനെതിരെ കലുഷിതമായ ഒരു രാഷ്ട്രീയ ആഖ്യാനം

മാർക്കോ എന്ന മലയാളം സിനിമ മനുഷ്യ ഇച്ഛാശക്തിയുടെ ശക്തമായ പര്യവേക്ഷണമാണ്, അധികാരത്തിൻ്റെയും അഴിമതിയുടെയും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൻ്റെയും സങ്കീർണ്ണതകളിലേക്ക് ആഴ്ന്നിറങ്ങുന്നതാണ് അതിൻ്റെ കാതൽ, അനിയന്ത്രിതമായ അധികാരത്തിൻ്റെ വിനാശകരമായ അനന്തരഫലങ്ങൾ തുറന്നുകാട്ടുന്ന ചിത്രം മനുഷ്യപ്രകൃതിയുടെ ഇരുണ്ട വശത്തെ അഭിമുഖീകരിക്കുന്നു അതിനെതിരെ അശാന്തി വിതയ്ക്കുന്നു. അഴിമതിയും, ഇന്ത്യയിലെ വർഗീയ കലാപങ്ങളും അക്രമങ്ങളും ഉൾപ്പെടെയുള്ള ചരിത്രസംഭവങ്ങളിലേക്ക് മെല്ലെ വിരൽ ചൂണ്ടുന്നുണ്ട്, സത്യം സംസാരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ശക്തമായ ഓർമ്മപ്പെടുത്തലായി ഒന്നാണീ സിനിമ.

Comfort Zone കളിലിരുന്ന് പീഡനത്തിൻ്റെയും ചെറുത്തുനിൽപ്പിൻ്റെയും വാഗ്വാദങ്ങളെ സിനിമ നിരാകരിക്കുന്നു. ന്യൂനപക്ഷം ഭൂരിപക്ഷം എന്ന വിലപേശലുകളിലെ അർത്ഥശൂന്യത അടിവരയിടുന്ന ഒന്നാണീ സിനിമ. ഒരേ സമയം കച്ചവടത്തിൻ്റെ സാധ്യതകൾ തേടുമ്പോഴും പറയാതെ പറഞ്ഞു പോകുന്ന പല കാര്യങ്ങളും ഇതിലുണ്ട്. അധികാരത്തിലേറുകയും മാനുഷികതയെ വെല്ലുവിളിക്കുകയും ചെയ്യുന്ന വർത്തമാനകാല രാഷ്ട്രീയം ഈ സിനിമയുടെ കാതലാണ് .

ദാരുണമായ കലാപ കാലഘട്ടങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും പീഡനങ്ങൾ, ഭൂതകാലത്തിൻ്റെ ചരിത്ര അവശേഷിപ്പുകൾ ഇതിൽ പ്രതിദ്ധ്വനിക്കുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളെ നേരിടാനും ചെറുത്തുനിൽക്കാനുമുള്ള മനുഷ്യാത്മാവിൻ്റെ നേർക്കാഴ്ചയാണീ ചിത്രം. .
ഏറ്റവും വലിയ വയലൻസിൻ്റെ ഇന്ത്യൻ ചിത്രം എന്ന പ്രചാരണം പ്രേക്ഷകരെ ചിത്രത്തിലേയ്ക്ക് അടുപ്പിക്കുന്നുമെങ്കിലും സ്ക്രീനിൽ നോക്കാൻ കഴിയാതെ കാഴ്ചക്കാരാകുന്ന കാണികളാണ് അധികവും ,ഇതൊക്കെ കാശ് ചിലവാക്കി കാണാൻ തുനിഞ്ഞവരാണ് എന്നതാണ് വിരോധാഭാസം. കല്ലെടുക്കാത്ത തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ ഒരു ഇന്ത്യൻ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളുടെ പര്യവേക്ഷണത്തെ പ്രാപ്തരാക്കാൻ ഒരു വാണിജ്യ അക്രമ സിനിമ മുന്നോട്ട് വരുന്നു. മനുഷ്യാനുഭവങ്ങളുമായി ആഴത്തിൽ പ്രതിധ്വനിക്കുന്ന സമാന്തരങ്ങൾ വരയ്ക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത.

മാർക്കോ ഒരു വാണിജ്യ സിനിമയായി വർഗ്ഗീകരിക്കപ്പെടുമെങ്കിലും, അതിൻ്റെ അടിസ്ഥാന സന്ദേശം പുനർ നിർവചിക്കപ്പെടേണ്ട ഒന്നാണ്,. പ്രേക്ഷകർ അവരുടെ സ്വന്തം മൂല്യങ്ങളെയും വിശ്വാസങ്ങളെയും പ്രതിഫലിപ്പിച്ചുകൊണ്ട് ആഴത്തിലുള്ള തലത്തിൽ സിനിമയുമായി ഇടപഴകി എന്നതാണ് ഇതിൻ്റെ വിജയം. മാർക്കോ ഒരു ശ്രദ്ധേയമായ സിനിമ മാത്രമല്ല വർത്തമാനകാല അരാഷ്ട്രീയത്തിനെതിരെ കലുഷിതമായ ഒരു രാഷ്ട്രീയ ആഖ്യാനം കൂടെയാണ്.
