ആന എഴുന്നള്ളിപ്പിന് കര്‍ശനനിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അമിക്കസ് ക്യൂറിയുടെ ശുപാര്‍ശ

സ്വകാര്യ ചടങ്ങുകൾക്കും ഉദ്ഘാടനങ്ങൾക്കും ആനകളെ ഉപയോഗിക്കരുതെന്നും 65 വയസ് കഴിഞ്ഞുള്ള ആനകളെ എഴുന്നള്ളിക്കരുതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊച്ചി:
ആന എഴുന്നള്ളിപ്പിന് കര്‍ശനനിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അമിക്കസ് ക്യൂറിയുടെ ശുപാര്‍ശ. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ. സ്വകാര്യ ചടങ്ങുകൾക്കും ഉദ്ഘാടനങ്ങൾക്കും ആനകളെ ഉപയോഗിക്കരുതെന്നും 65 വയസ് കഴിഞ്ഞുള്ള ആനകളെ എഴുന്നള്ളിക്കരുതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
നാട്ടാനകളുടെ എഴുന്നള്ളിപ്പുമായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി അമിക്കസ്‌ക്യൂറിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമുള്ള നിര്‍ദേശങ്ങളാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടായി കോടതിക്ക് സമര്‍പ്പിച്ചത്. കര്‍ശനനിയന്ത്രണങ്ങളാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലുള്ളത്.
രണ്ട് എഴുന്നള്ളിപ്പുകള്‍ നടത്തുമ്പോള്‍ അവയ്ക്കിടയില്‍ 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണം. ആനയെ ഒരുസ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് വാഹനത്തില്‍ കൊണ്ടുപോകുകയാണങ്കില്‍ നൂറ് കിലോമീറ്ററില്‍ അധികം പോകാന്‍ പാടില്ല. നടത്തിക്കൊണ്ടുപോകുകയാണെങ്കില്‍ 30 കിലോമീറ്റര്‍ ദൂരമേ നടത്തിക്കാവൂ. എഴുന്നള്ളിപ്പുകള്‍ക്ക് ആനകളെ നിര്‍ത്തുമ്പോള്‍ അവ തമ്മില്‍ മൂന്നുമീറ്ററെങ്കിലും അകലം പാലിക്കണം. ജനങ്ങളെ ആനകള്‍ക്ക് സമീപത്തുനിന്ന് പത്തുമീറ്റര്‍ അകലെ നിര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.