കേരള ടൂറിസം പറന്നുയരും

തിരുവനന്തപുരം:
സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അതിവേഗം എത്തിച്ചേരാൻ സഹായിക്കുന്ന ഹെലി ടൂറിസം നയത്തിന് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്റർ സർവീസ് നെറ്റ് വർക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹെലിപോർട്, ഹെലിസ്റ്റേഷൻ, ഹെലിപാഡ് തുടങ്ങിയ വയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലും വ്യക്തത വരുത്തി. കൂടുതൽ സംരംഭകർ ഹെലിടൂറിസം മേഖലയിലേക്ക് കടന്നുവരാൻ നയം സഹായകരമാകും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും ഹെലിപാഡും, എയർസ്ട്രിപ്പും, ഹെലിപോർട്ടും,ഹെലി സ്റ്റേഷനും നിർമിക്കുക.ആദ്യ ഘട്ടത്തിൽ ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലായിരിക്കും എയർസ്ട്രിപ്പ്. കൊല്ലം അഷ്ടമുടി റാവീസ്, ചടയമംഗലം ജഡായുപ്പാറ, മൂന്നാർ, തേക്കടി,കുമരകം, ചാലക്കുടി എന്നിവിടങ്ങളിലെ ചിപ്സൻ, എറണാകുളം സാജ് എന്നീ സ്വകാര്യ ഹെലിപ്പാഡും ഉപയോഗപ്പെടുത്തും. നാല് വിമാനത്താവളങ്ങളോട് ചേർന്നും ഹെലിപോർട്ടും ആരംഭിക്കും.