സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ശക്തിയായി ബിജെപി ഉയർന്നു

എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിവച്ച് കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നു. തൃശൂരിലൂടെ കേരളത്തിൽ അക്കൗണ്ട് തുറന്ന ബിജെപി സംസ്ഥാനത്ത് മത്സരിച്ച മിക്കയിടങ്ങളിലും വോട്ടും ഉയർത്തി എന്നതും ശ്രദ്ധേയമാണ്. നിരവധി മണ്ഡലങ്ങളില്‍ വളരാനായതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ശക്തിയായി ബിജെപി ഉയരുന്നുവെന്നാണ് ലോകസഭ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 11 നിയമസഭ മണ്ഡലങ്ങളില്‍ ഇത്തവണ ബിജെപി ഒന്നാമതെത്താനും 9 മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താനും ബിജെപിക്ക് സാധിച്ചു. ഇതിൽ ഒന്നാമതെത്തിയ ആറ് മണ്ഡലങ്ങൾ തൃശൂരിലാണ്.
വോട്ടെണ്ണലിൻ്റെ തുടക്കം മുതൽ മികച്ച ലീഡ് നിലനിർത്തിയാണ് സുരേഷ് ഗോപി മുന്നേറിയത്. ഇതുവരെ വിജയ സാധ്യതകളൊന്നും കണ്ടെത്താൻ കഴിയാതിരുന്ന ബിജെപി മൂന്നാം സ്ഥാനത്തു നിന്നാണ് ഒന്നാമതെത്തി കേരളത്തിൽ താമര വിരിയിച്ചത്. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ചരിത്രം തന്നെയായിരുന്നു.