ഹിന്ദിയിൽ വാദം കേൽക്കണമെന്ന ഹർജി തള്ളി

ന്യൂഡൽഹി:
കേസുകളിൽ ഹിന്ദിയിൽ വാദം കേൾക്കണമെന്ന പൊതുതാൽപ്പര്യ ഹർജി സുപ്രീംകോടതി തള്ളി. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള ഹർജികളും ഈ കോടതി പരിഗണിക്കാറുണ്ട്. പിന്നെ ഹിന്ദിക്കുമാത്രം എന്താണിത്ര പ്രത്യേകത ? ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹർജിക്കാരനോട് ചോദിച്ചു. ഭരണഘടയുടെ 348(1) അനുച്ഛേദം അനുസരിച്ച് സുപ്രീം കോടതിയിലും,ഹൈക്കോടതികളിലും നടപടിക്രമങ്ങൾ ഇംഗ്ലീഷിലായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയെ ചോദ്യം ചെയ്താണ് കിഷൻ ചന്ദ്ജെയിൻ സുപ്രീംകോടതിയെ സമീപിച്ചത്. ഭരണഘടന അനുച്ഛേദത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളുകയാണെന്ന് കോടതി അറിയിച്ചു.