മദ്യമില്ലാതെ മലയാളിക്കെന്ത് ഓണാഘോഷം ;ഉത്രാടം വരെ മലയാളികള്‍ കുടിച്ചു തീര്‍ത്തത് 826 കോടി

തിരുവനന്തപുരം:
മദ്യമില്ലാതെ മലയാളിക്കെന്ത് ഓണാഘോഷം എന്നു ചോദിക്കരുത്. ഇത്തവണയും ഓണം കളറാക്കാന്‍ മലയാളികള്‍ ബെവ്കോ ഔട്ട് ലെറ്റിലേക്ക് ഇരച്ചു കയറിയതോടെ ഉത്രാട ദിനമായ ഇന്നലെ മാത്രം സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെ 137 കോടി രൂപയുടെ മദ്യം വിറ്റു പോയി. കഴിഞ്ഞ വര്‍ഷത്തെ ഉത്രാട ദിനത്തേക്കാള്‍ 11 കോടി രൂപയുടെ അധിക വില്പന.
കഴിഞ്ഞ വര്‍ഷം ഉത്രാട ദിനത്തില്‍ മദ്യ വില്‍പ്പന 126 കോടി രൂപയായിരുന്നു. അത്തം മുതല്‍ ഉത്രാടം വരെയുള്ള മദ്യ വില്പനയെയാണ് ബെവ്കോ ഓണക്കാല മദ്യ വില്പനയായി കണക്കാക്കുന്നത്. ഈ 10 ദിവസം ഇത്തവണ സംസ്ഥാനത്തെ ബിവറേജസ് ഔട്ടലെറ്റുകളിലൂടെ നടന്ന ആകെ വില്പന 826 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 776 കോടി രൂപയായിരുന്നു. 56 കോടി രൂപയുടെ അധിക വില്‍പ്പനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
ഉത്രാട ദിനത്തില്‍ 6 ബിവറേജസ് ഔട്ടലെറ്റുകളില്‍ 1 കോടി രൂപയ്ക്കു മുകളില്‍ മദ്യ വില്പന നടന്നു. കരുനാഗപ്പള്ളിയാണ് മദ്യ വില്പനയില് ഒന്നാമത്. ഇവിടെ 1.46 കോടി രൂപയുടെ മദ്യ വില്പനയാണ് ഉത്രാട ദിനത്തില്‍ ഉണ്ടായത്. കൊല്ലം ആശ്രാമം ഔട്ട് ലെറ്റ് ആണ് രണ്ടാമത്. ഇവിടെ വിറ്റത് 1.24 കോടി രൂപയുടെ മദ്യമാണ്. മൂന്നാം സ്ഥാനം എടപ്പാള്‍ കുറ്റിപ്പാല ഔട്ട്ലെറ്റ്. ഇവിടെ വിറ്റത് 1.11 കോടി രൂപയുടെ മദ്യം.