വീണ്ടും നിപ വൈറസെന്ന് സംശയം

കോഴിക്കോട്:
സംസ്ഥാനത്ത് വീണ്ടും നിപ വൈറസെന്ന് സംശയം. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ 41കാരിയെ രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ പ്രത്യേക നിരീക്ഷണത്തിൽ ചികിത്സയിലാണ്. ഇവരുടെ സ്രവം പരിശോധനക്കായി മെഡിക്കൽ കോളജ് നിപ ലാബിലേക്ക് അയച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയോടെ പരിശോധനാഫലം പുറത്തുവരും. പിന്നാലെ സ്രവം പൂനെ വൈറോളജി ലാബിലേക്കും അയക്കും. അതിന് ശേഷം മാത്രമായിരിക്കും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുകയുള്ളൂ. കഴിഞ്ഞ ഒരാഴ്‌ചക്കാലമായി യുവതി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.