ദാദാ സാഹേബ് പുരസ്കാരം നേടിയ മോഹൻ ലാലിനെ ആദരിച്ച് സംസ്ഥാന സർക്കാർ

 ദാദാ സാഹേബ് പുരസ്കാരം നേടിയ മോഹൻ ലാലിനെ ആദരിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം:

ദാദാ സാഹേബ് പുരസ്കാരം നേടിയ മോഹൻ ലാലിനെ ആദരിച്ച് സംസ്ഥാന സർക്കാർ. മോഹന്‍ലാലിനുളള അംഗീകാരം മലയാള സിനിമയ്ക്കുളള അംഗീകാരം കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് മോഹന്‍ലാല്‍ നല്‍കിയ സംഭാവനകള്‍ക്കുളള ആദരവാണ് ഫാൽക്കെ പുരസ്‌കാരം. ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനമാണ്. ഫാല്‍ക്കെ അവാര്‍ഡിലൂടെ ഇന്ത്യന്‍ ചലച്ചിത്ര കലയുടെ സമുന്നത പീഠത്തിന്റെ അധിപനായി മോഹന്‍ലാല്‍ മാറി. മലയാളികളെ ഇത്രത്തോളം സ്വാധീനിച്ച ഒരു വ്യക്തിത്വമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മോഹൻലാലിനെ പൊന്നാടയണിയിച്ച മുഖ്യമന്ത്രി സംസ്ഥാന സർക്കാരിൻറെ പുരസ്കാരവും കൈമാറി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ‘മലയാളം വാനോളം ലാൽസലാം’ എന്ന പേരിലാണ് മോഹൻലാലിനെ ആദരിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ ചടങ്ങ്.


“ഇത് ഞാൻ ജനിച്ചു വളർന്ന നാടാണ്. ഇവിടുത്തെ വായുവും കെട്ടിടങ്ങളും ഓർമ്മകളും എൻ്റെ ആത്മാവിൻ്റെ ഭാഗമാണ്. അത്തരം വികാരങ്ങൾ അഭിനയിച്ച് കാണിക്കാൻ കഴിയില്ല,” മോഹൻലാൽ പറഞ്ഞു. തൻ്റെ ആദ്യകാല യാത്ര ഓർമ്മിച്ചുകൊണ്ട്, സുഹൃത്തുക്കളോടൊപ്പം സംവിധായകൻ ഫാസിലിനൊപ്പം പ്രവർത്തിക്കാൻ ചെന്നൈയിലേക്ക് പോയതിനെക്കുറിച്ച് മോഹൻലാൽ സംസാരിച്ചു. പതിറ്റാണ്ടുകളായി സമൂഹത്തിലുണ്ടായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സിനിമ തനിക്ക് അവസരം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഒരു നടൻ സംവിധായകർ, എഴുത്തുകാർ, കാമറാമാൻമാർ എന്നിവർ ചേർന്ന് രൂപപ്പെടുത്തുന്ന കളിമണ്ണ് പോലെയാണ്. ഞാൻ വിജയത്തെയും വിമർശനത്തെയും ഒരുപോലെ നേരിട്ടിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. “പ്രേക്ഷകരില്ലാതെ ഒന്നും നേടാനാവില്ല. ഈ അംഗീകാരം അവർക്ക് അവകാശപ്പെട്ടതാണ്” മോഹൻലാൽ അവാർഡ് മലയാളികൾക്ക് സമർപ്പിച്ചു, ഒപ്പം തൻ്റെ കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും പിന്തുണയ്ക്ക് നന്ദി പറയുകയും ചെയ്തു.

ശരീരഭാഷയിലും ഇത്രത്തോളം മലയാളിയെ സ്വാധീനിച്ച അധികം താരങ്ങളില്ല.പ്രായഭേദമന്യെ മലയാളികള്‍ ലാലേട്ടന്‍ എന്നാണ് വിളിക്കുന്നത്. നമ്മുടെ വീട്ടിലെ ഒരംഗമായി,  തൊട്ടയല്‍പക്കത്തെ ഒരാളായി മോഹന്‍ലാലിനെ മലയാളികള്‍ കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 18 വയസ്സിൽ ‘തിരനോട്ടത്തിൽ’ തുടങ്ങി 65 വയസ്സിലും അഭിനയസപര്യ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പൊന്നാടയണിച്ച് മോഹന്‍ലാലിനെ സ്വീകരിച്ചു. കേരള സര്‍ക്കാരിനുവേണ്ടി കവി പ്രഭാവര്‍മ എഴുതിയ പ്രശസ്തി പത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിന് സമര്‍പ്പിച്ചു. ഗായിക ലക്ഷ്മിദാസ് പ്രശസ്തി പത്രം കവിത ചൊല്ലി. മന്ത്രി വി.ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനായി. ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ, ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, അഭിനേത്രി അംബിക എന്നിവർ മോഹൻലാലിന് ആശംസകൾ നേർന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News