റിപ്പോ നിരക്ക് 25 ബേസിസ് പോയിൻ്റ് കുറച്ച് ആർബിഐ; പണപ്പെരുപ്പം കുറഞ്ഞു
RBI ഗവർണ്ണർ സഞ്ജയ് മൽഹോത്ര
മുംബൈ —
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുതിയ വായ്‌പാ നയം പ്രഖ്യാപിച്ചു. മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) റിപ്പോ നിരക്ക് 25 ബേസിസ് പോയിൻ്റ് (ബിപിഎസ്) കുറയ്‌ക്കാൻ തീരുമാനിച്ചു. ഇതോടെ റിപ്പോ നിരക്ക് 5.25 ശതമാനമായി കുറഞ്ഞതായി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു.
ഫെബ്രുവരി മുതൽ പല തവണയായി 100 ബേസിസ് പോയിൻ്റ് കുറച്ചതിന് ശേഷമുള്ള ഈ നീക്കം, രാജ്യത്തെ പണപ്പെരുപ്പം കുറഞ്ഞതിൻ്റെ പശ്ചാത്തലത്തിലാണ്. നടപ്പ് സാമ്പത്തിക വർഷത്തെ അഞ്ചാമത്തെ ദ്വൈമാസ പണനയം പ്രഖ്യാപിച്ചുകൊണ്ട്, പണനയ നിലപാട് നിഷ്‌പക്ഷമായി തുടരാൻ നിരക്ക് നിർണയ സമിതി തീരുമാനിച്ചതായി ഗവർണർ മൽഹോത്ര വ്യക്തമാക്കി.
പ്രത്യേകിച്ചും ഒക്‌ടോബറിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ പണപ്പെരുപ്പ നിരക്കിലുണ്ടായ ദ്രുതഗതിയിലുള്ള ഇടിവാണ് ഈ തീരുമാനത്തിന് കാരണം. ഒക്‌ടോബറിലെ വിലക്കയറ്റ തോത് 0.25 ശതമാനമായിരുന്നു—ഇത് പത്ത് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്.
അതേസമയം, രൂപയുടെ മൂല്യത്തിലും നേരിയ വർധനവ് രേഖപ്പെടുത്തി. ഇന്നലെ ഡോളറിനെതിരായ രൂപയുടെ മൂല്യം 13 പൈസയാണ് ഉയർന്നത്.
